ശിവമോഗ ജില്ലയിലെ വിനോബ നഗറിലെ ഉപഹാര ദർശിനി എന്ന ഹോട്ടലിലാണ് വെയ്റ്ററായി റോബോർട്ട് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഹോട്ടലിൽ റോബോർട്ട് ജോലി ചെയ്യുന്നത്.
ബംഗളൂരു: സാധാരണയായി വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയാണ് ഒരു ഹോട്ടലിലെ പ്രശസ്തമാക്കുക. എന്നാൽ ഹോട്ടലിലെ ജീവനക്കാരൻ കാരണം ആ ഹോട്ടൽ പ്രസിദ്ധമായെങ്കിലോ? കർണാടകയിലെ ഒരു ഹോട്ടലാണ് അവിടുത്തെ വെയ്റ്റർ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരിക്കുന്നത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ വിനോബ നഗറിലെ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നത് മനുഷ്യനിർമ്മിത റോബോർട്ടാണ്. ഉപഹാര ദർശിനി എന്ന ഹോട്ടലിലാണ് വെയ്റ്ററായി റോബോർട്ട് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഹോട്ടലിൽ റോബോർട്ട് ജോലി ചെയ്യുന്നത്.
ഹോട്ടലിൽ എത്തുന്നവർക്ക് ഭക്ഷണവും വെള്ളവുമെല്ലാം പേരിടാത്ത ഈ റോബോർട്ട് തന്നെയാണ് വിതരണം ചെയ്യുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് വെയ്റ്ററായി ജോലി ചെയ്യുന്ന ഈ റോബോർട്ടിനെ കാണാനായി ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിൽ എത്തുന്നവരെ കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി റോബോർട്ട് സ്വാഗതം ചെയ്യും. സീറ്റുകളിൽ ഇരിക്കുന്നവർക്ക് വിഭവങ്ങൾ നിർദ്ദേശിക്കുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്നത് റോബോർട്ടാണ്.
അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് സ്വന്തമാക്കിയ റോബോർട്ടിന്റെ സേവനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമ പറഞ്ഞു. റോബോർട്ടിന്റെ ചലനവും വേഗതയും നിയന്ത്രിക്കാൻ കഴിയും. വെറും രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവനും റോബോർട്ടിന് പ്രവർത്തിക്കാനാകുമെന്നും ഹോട്ടലുടമ പറഞ്ഞു. മനുഷ്യനിർമ്മിത റോബേർട്ടിനെ ഹോട്ടലിലെ ജീവനക്കാരനായി നിയോഗിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഹോട്ടലാണ് ഉപഹാര ദർശിനി.
