എല്ലുരു: സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്‍റെ കണ്ണ് എലി കരണ്ട നിലയില്‍. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്നതായി കണ്ടത്. ആന്ധ്രാപ്രദേശിലെ എല്ലുരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 

ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി അല്ലാ കാലി കൃഷ്ണ ശ്രീനിവാസിന്‍റെ മണ്ഡലത്തിലാണ് ഈ ആശുപത്രി. ചൊവ്വാഴ്ച രാത്രിയാണ് എല്ലുരുവിലെ ലിംഗപാളയം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ടി വൈകുണ്ഠ വാസുവിനെ ട്രാക്ടര്‍ ഇടിച്ചത്. സംഭവസ്ഥലത്ത് വെച്ചു തന്നെ ഇയാള്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്ന കാഴ്ച കണ്ടത്. പോസ്റ്റ്‍‍മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. 

കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഏജന്‍സി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് മോര്‍ച്ചറിയില്‍ എലി പെരുകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഈ ഏജന്‍സിക്കെതിരെ മെമ്മോ അയച്ചതായും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.