ദില്ലി: ജെഎന്‍യുവില്‍ പ്രൊഫസറായി തുടരുന്നതിന് സിവി സമര്‍പ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍. 'ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേയ്ക്ക് ആ സ്ഥാനത്ത് തുടരാവുന്നതാണ്'. സിവി ആവശ്യപ്പെട്ടത് ജെഎന്‍യുവിന്‍റെ അടിസ്ഥാനപരമായ നിയമങ്ങളില്‍ നിന്നുളള വ്യതിചലനമാണെന്നും അവര്‍ ഇന്ത്യാടുഡേയോട് പ്രതികരിച്ചു. 

സര്‍വകലാശാല നിയമിച്ച കമ്മിറ്റിക്ക് റൊമീല ഥാപ്പറിന്‍റെ വര്‍ക്കുകള്‍ വിലയിരുത്തി ഫ്രൊഫസര്‍ എമരിറ്റസ് ആയി തുടരാനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇതിന് വേണ്ടി സിവി സമര്‍പ്പിക്കണമെന്നുമാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്ന റൊമീല ഥാപ്പര്‍ വിരമിച്ച ശേഷം പ്രൊഫസര്‍ എമിരിറ്റസ് (Professor Emerita) പദവിയില്‍ തുടരുകയാണ്. 

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ചുരുക്കം പേര്‍ക്ക് മാത്രമേ ജെഎന്‍യു ഈ പദവി നല്‍കുന്നുള്ളു. ഈ പദിവിയിലുള്ളവര്‍ക്ക് സര്‍വകലാശാല വേതനം നല്‍കുന്നില്ല. 1993 ലാണ് ഥാപ്പര്‍ക്ക് എമിരറ്റസ് പ്രൊഫസറുടെ പദവി നല്‍കിയത്.