വധുക്കളിൽ ചിലരെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയതാണ് വിവാദത്തിലായിരിക്കുന്നത്. ഗർഭിണികളാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്ന് 219 പേരിൽ അഞ്ച് പേരുടെ വിവാഹം ശനിയാഴ്ച നടന്നിരുന്നില്ല. യുവതികളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കുന്നത് നീതികേടാണെന്ന് ആരോപിച്ച് വലിയ രാഷ്ട്രീയവിവാദമാണ് മധ്യപ്രദേശിൽ നടക്കുന്നത്.
ഭോപ്പാൽ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായുള്ള, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിവാഹ പദ്ധതി വിവാദത്തിൽ. വധുക്കളിൽ ചിലരെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയതാണ് വിവാദത്തിലായിരിക്കുന്നത്. ഗർഭിണികളാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്ന് 219 പേരിൽ അഞ്ച് പേരുടെ വിവാഹം ശനിയാഴ്ച നടന്നിരുന്നില്ല. യുവതികളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കുന്നത് നീതികേടാണെന്ന് ആരോപിച്ച് വലിയ രാഷ്ട്രീയവിവാദമാണ് മധ്യപ്രദേശിൽ നടക്കുന്നത്.
ആരാണ് ഇത്തരമൊരു പരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് ചോദിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കന്യാ വിവാഹ്/ നിക്കാഹ് യോജന പദ്ധതി പ്രകാരം ഗദ്സരായിയിലാണ് ശനിയാഴ്ച സമൂഹവിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിക്കൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നെന്നാണ് ഗർഭപരിശോധനാ ഫലം പോസിറ്റീവായ ഒരു യുവതി പ്രതികരിച്ചത്. ഞാൻ ഗർഭിണിയാണെന്ന് പരിശോധനാഫലം വന്നു. അതുകൊണ്ടുതന്നെയാണ് വിവാഹിതരാകാനുള്ളവരുടെ പട്ടികയിൽ നിന്ന് എന്റെ പേര് ഒഴിവാക്കിയതെന്ന് എനിക്കറിയാം. കാരണമൊന്നും പറയാതെയാണ് അധിതർ ഇങ്ങനെ ചെയ്തത്. യുവതി പറയുന്നു.
ഇങ്ങനെയുള്ള പരിശോധനയൊന്നും മുമ്പ് നടത്തിയിരുന്നില്ലെന്ന് ഗ്രാമമുഖ്യൻ പറയുന്നു. ഇത് പെൺകുട്ടികളെ അപമാനിക്കലാണ്. ഈ പെൺകുട്ടികളൊക്കെ ഇപ്പോൾ കുടുംബത്തിനു മുന്നിൽ തെറ്റുകാരായില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. പ്രായം ഉറപ്പാക്കുന്നതിനും സിക്കിൾ സെൽ അനീമിയ പോലെയുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകൾ നടത്താറുള്ളതെന്ന് സ്ഥലത്തെ ചീഫ് മെഡിക്കൽ ഓഫീസർ രമേശ് മറാവി പറയുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംശയമുള്ള ചില യുവതികളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയ്ക്ക് വിധേയരാക്കുകയും ഫലം പുറത്തുവിടുകയും മാത്രമാണ് തങ്ങൾ ചെയ്തത്. ആരോഗ്യവകുപ്പ് നിർദ്ദേശപ്രകാരം ഈ യുവതികളെ വിവാഹത്തിൽ നിന്ന് ഒഴിവാക്കിയത് സാമൂഹ്യക്ഷേമ വകുപ്പാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു.
പ്രാദേശിക ഭരണകൂടവും സംസ്ഥാന സർക്കാരും യുവതികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. എനിക്കറിയണം ഇത് സത്യമാണായെന്ന്. അക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി തരണം. സത്യമാണെങ്കിൽ, മധ്യപ്രദേശിലെ പുത്രിമാരോട് ഇത്തരമൊരു നീതികേട് കാട്ടിയതാരാണെന്ന് വ്യക്തമാക്കണം. പാവപ്പെട്ട കുടുംബങ്ങളിലെയും ഗോത്രവിഭാഗങ്ങളിലെയും യുവതികൾക്ക് മുഖ്യമന്ത്രിയുടെ കണ്ണിൽ ഒരു വിലയുമില്ലെന്നാണോ? ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാർ സ്ത്രീകളോട് മോശമായി പെരുമാറുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ഈ വിഷയത്തിൽ ഒരു ഉന്നതതല അന്വേഷണം നടത്തിയേ തീരു. കോൺഗ്രസ് നേതാവ് കമൽ നാഥ് ട്വീറ്റ് ചെയ്തു.
2006ലാണ് മുഖ്യമന്ത്രി കന്യാ വിവാഹ്/ നിക്കാഹ് യോജന ആരംഭിച്ചത്. പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹാവശ്യത്തിനായി 56000 രൂപയാണ് ധനസഹായമായി നൽകുന്നത്.
