പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചതായാണ് വ്യക്തമാക്കുന്നത്. ശരീരത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടുമില്ല. 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തർ ദിനജ്പൂരിൽ 17കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രദേശത്ത് സുരക്ഷ കൂട്ടിയിരിക്കുകയാണ് പൊലീസ്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലിയാഗഞ്ച് സ്വദേശിയായ പതിനേഴുകാരനെയും അച്ഛനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചതായാണ് വ്യക്തമാക്കുന്നത്. ശരീരത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടുമില്ല. 

ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന പോസ്റ്റമോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. നേരത്തെ പെൺകുട്ടി ബലാൽസംഗത്തിനിരയായി എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ബലാൽസംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പാക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടും എന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിൽ പെൺകുട്ടിയുടെ കൊലപാതകം സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ ദേശീയ ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും. ബലാൽസംഗത്തിന് ഇരയായാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നും കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിചിഴച്ച പൊലീസ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ ബിജെപി പ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വാദം.

വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്ബോങ്ഷി വിഭാ​ഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്നതായി വീഡിയോ പുറത്ത് വന്നത് പശ്ചിമ ബംഗാളില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.