കൈപ്പത്തി ചിഹ്നത്തെക്കുറിച്ചുള്ള എം എം മണിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ പൗലോസ് രംഗത്ത്. മണിയുടെ കുടുംബാംഗങ്ങൾ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം പ്രസ്താവനകൾ ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും റോയ് കൂട്ടിച്ചേർത്തു
ഇടുക്കി: കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന സി പി എം മുതിർന്ന നേതാവ് എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ്. കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം എം മണിയുടേതെന്നും റോയ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എൽ ഡി എഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബി ജെ പിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമ്മിക്കണം. എം എം മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നം റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു. അതേസമയം വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം തയ്യാറാക്കിയതിലും റോയ് പ്രതികരണം നടത്തി. പ്രചരണ വാഹനം തയ്യാറാക്കിയത് വിജയിക്കും എന്ന് 100 ശതമാനം ഉറപ്പ് ഉള്ളത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം മറ്റേണ്ടെന്നു നിർദേശിച്ചിരുന്നു. ഫല പ്രഖ്യാപനം വരുമ്പോൾ നന്ദി പറയാൻ വേണ്ടി വരും എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രചരണ വാഹനം സജ്ജമാക്കിയിരുന്നത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം കോട്ടയം ഈരാറ്റുപേട്ടയിലാണ് ഇപ്പോളുള്ളത്.
എം എം മണിയുടെ പരാമർശം
കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ് നേടി എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് എം എം മണി നേരത്തെ പറഞ്ഞത്. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ എം എം മണി തൊടുപുഴയിൽ എൽ ഡി എഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു. പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യു ഡി എഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയിൽ കൈപ്പത്തിയിൽ യു ഡി എഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബി ജെ പിയുടെ കയ്യിൽ എത്തിച്ചത്. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നും എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
