പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടിന്റെ ഉറവിടത്തിൽ സംശയം പ്രകടിപ്പിച്ച് വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. അരൂപ് ബിശ്വാസിന്റെയും ഋതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലിയാണ് ഇതിന് പിന്നിൽ.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎൽഎമാരുടെ പരാതിയെത്തുടർന്നാണ് ഇത്. സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനോ പാർട്ടിക്ക് കഴിയില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിൽ കടുത്ത അധികാര തർക്കം നിലനിൽക്കുന്നുണ്ട്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്. ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി. സ്വാധീനം ദുരുപയോഗം ചെയ്തും, അഴിമതിയിലൂടെയും, തട്ടിപ്പുകളിലൂടെയും സമാഹരിച്ച പണമാണോ ഇതെന്നും പൊതുപണം വകമാറ്റി മാറ്റിയതാണോ എന്നും അന്വേഷിക്കണമെന്നും ഇവർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

വിമതർ പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയിരുന്നു. പാർട്ടി ഫണ്ട് സംരക്ഷിക്കണമെന്നും തർക്കങ്ങൾ തീരുന്നതുവരെ ഇടപാടുകൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമത എംഎൽഎമാർ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. അതേസമയം, അരൂപ് ബിശ്വാസിന് ഇപ്പോൾ പാർട്ടി ട്രഷറർ സ്ഥാനമില്ലെന്നും പാർട്ടി കാര്യങ്ങൾ സംസാരിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും മമതാ ബാനർജി പക്ഷത്തെ എംഎൽഎയായ കുനാൽ ഘോഷ് പ്രതികരിച്ചു. ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഐകകണ്ഠേന തിരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി.