വെള്ളത്തിൽ മുങ്ങിയ റോഡിൽ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്ന് ആഡംബരകാറിന് സാങ്കേതിക തകരാർ സംഭവിച്ചതായി ഇയാൾ ആരോപിച്ചു.

ഗാസിയാബാദ്: മെഴ്സി‍‍ഡസ് കാർ വെള്ളം നിറഞ്ഞ റോഡിൽ കുടുങ്ങിയതിനാൽ തകരാറിലായെന്ന് കാണിച്ച് നഷ്ടപരിഹാരം തേടി മുൻസിപ്പൽ കോർപ്പറേഷന് നോട്ടീസ് നൽകി കാർ ഉടമ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ അമിത് കിഷോർ എന്നയാളാണ് മുനിസിപ്പൽ കമ്മീഷണർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളത്തിൽ മുങ്ങിയ റോഡിൽ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്ന് ആഡംബരകാറിന് സാങ്കേതിക തകരാർ സംഭവിച്ചതായി ഇയാൾ ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ തന്റെ അപ്പീലിൽ നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കാർ ഉടമ നഗരസഭയ്ക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

ജൂലൈ 23 ന് രാവിലെ ലജ്പത് നഗറിൽ വെള്ളത്തിൽ കുടുങ്ങിപ്പോകുന്നതുവരെ തന്റെ മെഴ്‌സിഡസ് ജിഎൽഎ 200ഡി നന്നായി പ്രവർത്തിച്ചിരുന്നുവെന്ന് കാർ ഉടമ അമിത് കിഷോർ പറഞ്ഞു. കാർ ഏകദേശം രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടക്കുകയും കേടാകുകയും ചെയ്തു. നോയിഡയിലെ ഒരു സർവീസ് സെന്ററിലേക്ക് കൊണ്ടുപോകാൻ ക്രെയിൻ വിളിക്കേണ്ടി വന്നു. അറ്റകുറ്റപ്പണികൾക്ക് ഏകദേശം 5 ലക്ഷം രൂപ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു. 2018 ൽ 60 ലക്ഷം രൂപയ്ക്കാണ് കാർ വാങ്ങിയത്.

വസുന്ധര പ്രദേശത്തെ അടഞ്ഞുപോയ അഴുക്കുചാലുകളെയും മോശം ശുചീകരണത്തെയും കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിൽ (NGT) മുമ്പ് ആശങ്ക ഉന്നയിച്ചിട്ടുള്ള ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് കിഷോർ. റോഡുകളുടെയും അഴുക്കുചാലുകളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടുവെന്നും ഇത് സാമ്പത്തികമായും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം, വെള്ളക്കെട്ട് നാശനഷ്ടങ്ങൾക്ക് കാരണമായെന്ന് കാർ ഉടമ തെളിയിക്കേണ്ടതുണ്ടെന്ന് മുനിസിപ്പൽ കമ്മീഷണർ വിക്രമാദിത്യ മാലിക് പറഞ്ഞു. അതേ റോഡിലെ മറ്റ് വാഹനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ദിവസം വളരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എൻസിആർ മേഖല മുഴുവൻ വെള്ളക്കെട്ടിലായിരുന്നു, എന്നാൽ മഴവെള്ളം മൂലം കാറുകൾ തകരാറിലായതായി മറ്റ് റിപ്പോർട്ടുകളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.