ആർ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ് ഗുരുമൂർത്തിയാണ് ജഡ്ജി നിയമനത്തിൽ വിവാദ പരാമർശവുമായി രംഗത്തെത്തിയത്
ചെന്നൈ: ജഡ്ജിമാർക്കെതിരെ വിവാദ പരാമർശവുമായി ആർ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ് ഗുരുമൂർത്തി രംഗത്ത്. രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് മിക്കവരും ജഡ്ജിമാർ ആയതെന്നാണ് ഗുരുമൂർത്തി അഭിപ്രായപ്പെട്ടത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും മിക്കവരും രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് ഈ പദവികൾ നേടുന്നതെന്നും ആർ എസ് എസ് സൈദ്ധാന്തികൻ അഭിപ്രായപ്പെട്ടു. കഴിവ് കൊണ്ടല്ല ഇവർ ജഡ്ജിമാർ ആയതെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു.
അതിനിടെ സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്ന വാർത്ത വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തു എന്നതാണ്. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തിൽ ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ കോടതി നേരത്തെ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. വഖഫ് നിയമം സ്വകാര്യ, സർക്കാർ ഭൂമി കൈക്കലാക്കാൻ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം നൽകിയിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്നത് മെയ് മൂന്നിനാണ്. വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞുള്ളതായിരുന്നു സുപ്രീംകോടതി വിധി. നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നൽകാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് മൂന്ന് വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്ര വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡ് എന്നിവയിൽ നിയമനം പാടില്ല. അമുസ്ലീങ്ങളെ അംഗങ്ങളാക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വാദം കേട്ട ശേഷം തീരുമാനം എടുക്കും. അഞ്ച് വർഷം ഇസ്ലാം മതം അനുഷ്ഠിച്ചവർക്കേ വഖഫിന് അവകാശമുള്ളു എന്നതടക്കമുള്ള വ്യവസ്ഥകളിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തല്ക്കാലം ഹർജിക്കാരുടെ ചില അവകാശങ്ങൾ സംരക്ഷിക്കുന്നു എന്നേയുള്ളു. മേയ് അഞ്ചിന് കേസ് കേൾക്കുമ്പോൾ കേന്ദ്രത്തിൻ്റെ മറുപടി പരിശോധിക്കും. പ്രധാന അഞ്ച് ഹർജികൾ മാത്രം കേൾക്കാം എന്നും രാഷട്രീയ പാർട്ടികളുടയും സംഘടനകളുടെയും പേര് ഒഴിവാക്കി വഖഫ് നിയമഭേദഗതി കേസ് ഒന്നു മുതൽ അഞ്ച് വരെ എന്ന നിലയ്ക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

