കടുത്ത പ്രതിഷേധത്തിനിടെ, വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരിക്കുകയാണ്. 2005ല്‍ യുപിഎ സര്‍ക്കാറാണ് വിപ്ലവകരമായ വിവരാവകാശ നിയമം (ആര്‍ടിഐ ആക്ട്) നടപ്പാക്കിയത്. അതിന് ശേഷം ആദ്യമായാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായി രംഗത്തെത്തിയെങ്കിലും വിട്ടുവീഴ്ച്ചക്കില്ലെന്നാണ് കേന്ദ്ര നിലപാട്. 'അപകടകരം' എന്നാണ് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബില്ലിനെ വിശേഷിപ്പിച്ചത്. 'ജനാധിപത്യത്തിലെ കറുത്തദിനം' എന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ എ രാജ ബില്ലിനെ വിശേഷിപ്പിച്ചത്. 

എന്താണ് വിവരാവകാശ (ആര്‍ടിഐ) നിയമം

പൗരന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനുള്ള അവകാശമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. 2005 ഒക്ടോബര്‍ 12നാണ് നിയമം നിലവില്‍ വന്നത്. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്‍റെ പരിധിയില്‍ വരും.

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അപേക്ഷകന് ബന്ധപ്പെട്ട വിവരം നല്‍കണം. അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കണം.

നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യമാണ് അപേക്ഷകന്‍ ഉന്നയിച്ചതെങ്കില്‍ വിവരം നല്‍കേണ്ടതില്ല. കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയില്‍ നിന്ന് ഈയിടെ ഒഴിവാക്കിയിരിക്കുന്നു.

ദേശീയ വിവരാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം

മുഖ്യ വിവരാവകാശ കമ്മീഷണറുടെ നേതൃത്വത്തില്‍ 10 ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരാണ് ദേശീയ വിവരാവകാശ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുക. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തുല്യമായിരിക്കും ശമ്പളവും പദവിയും. 

എന്താണ് പുതിയ ബില്ലിലെ ഭേദഗതികള്‍

രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമഭേദഗതി ബില്‍-2019ല്‍ പറയുന്ന പ്രധാന കാര്യം ഇതാണ്-മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാം. 

ബില്ലിനെതിരെയുള്ള വിമര്‍ശനം

വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്നതോടെ കമ്മീഷന്‍ സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് പ്രധാന വിമര്‍ശനം. കമ്മീഷണറുടെ കാലാവധി നീട്ടാനും വെട്ടിച്ചുരുക്കാനും സര്‍ക്കാറിന് അധികാരമുണ്ടാകും. കമ്മീഷണറെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും സാധിക്കുമെന്നും പ്രതിപക്ഷം പറയുന്നു. നേരത്തെ അഞ്ച് വര്‍ഷത്തേക്ക് നിയമനം നടത്തിയാല്‍ പിന്നീട് സര്‍ക്കാറിന് ഇടപെടാനുള്ള അധികാരമില്ലായിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ വാദം

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ബില്ല് അവതരിപ്പിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നു. തിരക്കിട്ടാണ് യുപിഎ സര്‍ക്കാര്‍ നിയമം പാസാക്കിയത്. സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. ഇത് വിരുദ്ധമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. വിവരാവകാശ നിയമത്തിന് നിയമം നിര്‍മിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല. ഭേദഗതിയിലൂടെ തെറ്റ് തിരുത്തുക മാത്രമാണ് ചെയ്തത്.

കേന്ദ്ര സര്‍ക്കാറിന് തലവേദനയായ ചോദ്യങ്ങള്‍

വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാറിന് തലവേദനയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഡിഗ്രി, പൊതുമേഖല ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി എന്നിവയെ സംബന്ധിച്ചുള്ള ആര്‍ടിഐ പ്രകാരമുള്ള ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.

2017 ജനുവരിയില്‍ 1978ല്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍ ബി എ കോഴ്സ് പാസായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന് നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ഉത്തരവിട്ടിരുന്നു. 1978ല്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞിരുന്നത്. പൊതുമേഖല ബാങ്കുകളിലെ  കിട്ടാക്കടത്തെ സംബന്ധിച്ച ആര്‍ടിഐ ചോദ്യവും കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കി. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് വിവരങ്ങള്‍ അപേക്ഷകന് ലഭിച്ചത്.