ദില്ലി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യുവിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത പാര്‍ട്ടി വിട്ടു. രാഹുല്‍ ഗാന്ധിയാണ് രുചി ഗുപ്തയെ സ്ഥാനത്ത് നിയമിച്ചത്. രാഹുലിന്റെ വിശ്വസ്തകളില്‍ ഒരാളാണ് രുചി ഗുപ്ത. സംഘടനാ തലത്തില്‍ മാറ്റത്തിനുള്ള കാലതാമസമാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് രുചി വ്യക്തമാക്കി. തന്റെ സ്ഥാനവും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും അവര്‍ പറഞ്ഞു.

സംഘടനാ തലത്തിലുള്ള അഴിച്ചുപണിക്ക് താമസമുണ്ടാക്കുകയാണ്. അധ്യക്ഷയുടെ ശ്രദ്ധയിലേക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. എന്‍ എസ് യുവിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് രുചി ഗുപ്ത ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. എന്‍ എസ് യുവിന്റെ സംസ്ഥാന ഘടകള്‍ സൃഷ്ടിക്കുന്നതില്‍ ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും സംഘടനാ രംഗത്തെ പുനസ്സംഘടന വൈകുന്നത് പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് ശക്തമായ നേതൃത്വം നല്‍കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. രാജിവെക്കുന്നതില്‍ ഖേദമുണ്ട്. തനിക്ക് അവസരം നല്‍കിയ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നന്ദിയുണ്ടെന്നും രുചി പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രുചി ഗുപ്ത തന്റെ നിലപാട് വ്യക്തമാക്കിയത്.