ദില്ലി: പരിഭ്രാന്തി മൂലമാണ് രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനമെന്ന് നോബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അഭിജിത് ബാനര്‍ജി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം കൂട്ട പലായനം കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും അഭിജിത് ബാനര്‍ജി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സ്വന്തം നാട്ടില്‍ കഴിയാനുള്ള സാഹചര്യങ്ങള്‍ കാണുമെന്ന ധാരണയിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഇത്തരത്തില്‍ പോകുന്നത്. ലോക്ക് ഡൌണ്‍ കാലത്ത് അവര്‍ക്ക് സര്‍ക്കാര്‍ എന്ത് ഉറപ്പാണ് നല്‍കുന്നതെന്നതിനേക്കുറിച്ചുള്ള ധാരണ ഇല്ലാതെ പോകുന്നതും കൂട്ട പലായനത്തിന് കാരണമാകുന്നുണ്ടെന്ന് അഭിജിത് ബാനര്‍ജി പറയുന്നു. സാമ്പത്തിക സമ്മര്‍ദം ഈ അവസരത്തില്‍ സ്വാഭാവികമാണ്. വീടുകളില്‍ ചെന്നാല്‍ കുറച്ച പറമ്പും ഇത്ര കാലം ജോലി ചെയ്തതിന്‍റെ കുറച്ച് കരുതല്‍ ധനവുമുണ്ടാകും ഇതും അവരെ പലായനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. നിര്‍മ്മാണ മേഖലയിലാണ് അവരിലേറെ പേരും തൊഴിലെടുത്തിരുന്നത്. ആ മേഖലകള്‍ സ്തംഭിക്കുകയും ചെയ്തതോടെ തൊഴില്‍ ഇല്ലാത്ത അവസ്ഥയുമാണ്. 

അടിസ്ഥാന തലത്തില്‍ നിയമങ്ങളേക്കുറിച്ച് ധാരണ ഇല്ലാത്തതും അവര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. വേതനം നല്‍കിയിരുന്ന സ്ഥാപനം പ്രവര്‍ത്തിച്ചില്ലെങ്കിലും അവര്‍ക്ക് ലോക്ക് ഡൌണ്‍ സമയത്ത് പണം കിട്ടുമെന്ന ഉറപ്പ് സര്‍ക്കാരിന്‍റേതാണെന്നും അവര്‍ക്ക് അറിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം കൂടുതല്‍ തെളിവോടെ ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും അഭിജിത് ബാനര്‍ജി പറയുന്നു.