അഗര്‍ത്തല: ത്രിപുര ട്രൈബല്‍ കൗൺസിൽ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണകക്ഷിയായ ബിജെപി സഖ്യത്തിനും, നിലവിലെ കൗൺസിൽ ഭരണകക്ഷിയായ ഇടതുപക്ഷത്തിനും വന്‍ തിരിച്ചടി. ബിജെപിയെയും പ്രധാന സഖ്യകക്ഷിയായ ഐപിഎഫ്ടിയെയും പരാജയപ്പെടുത്തി പുതിയ കക്ഷിയായ ദ ഇന്‍റീജിനിയസ് പ്രോഗ്രസ്സീവ് റീജിനല്‍ അലയന്‍സ് (ടിഐപിആര്‍എ) ത്രിപുര സ്വയംഭരണ കൗൺസിലുകള്‍ തൂത്തുവാരുകയാണ് ഉണ്ടായത്. 28 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ടിഐപിആര്‍എ 18 സീറ്റുകള്‍ വിജയിച്ചു. ബിജെപി സഖ്യം 9 സീറ്റുകള്‍ നേടി. ബാക്കി സീറ്റ് സ്വതന്ത്ര്യന്മാര്‍ നേടി. അതേ സമയം ഇടത് സഖ്യത്തിനും, കോണ്‍ഗ്രസിനും സീറ്റൊന്നും നേടാന്‍ സാധിച്ചില്ല.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മാണിക്യ ദേബ് ബര്‍മ്മന്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് രൂപീകരിച്ച കക്ഷിയാണ് ടിഐപിആര്‍എ. കഴിഞ്ഞ സെപ്തംബറിലാണ് പൌരത്വ ഭേദഗതി ബില്ല് പ്രശ്നം കോണ്‍ഗ്രസ് കൈകാര്യം ചെയ്തതില്‍ അതൃപ്തി അറിയിച്ച് മാണിക്യ ദേബ് കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 

ത്രിപുര ട്രൈബല്‍ മേഖലയിലെ സ്വയം ഭരണ കൗൺസിലില്‍ 30 സീറ്റുകളാണ് നിലവിലുള്ളത്. അതില്‍ 28 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് ബാക്കി 2 എണ്ണം ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ്. ത്രിപുര ട്രൈബല്‍ മേഖലയിലെ സ്വയം ഭരണ കൗൺസിലില്‍ 30 സീറ്റുകള്‍ 20 ഓളം നിയമസഭ സീറ്റുകളില്‍ വ്യാപിച്ച് കിടക്കുന്നതാണ്. 2015 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് ത്രിപുര ട്രൈബല്‍ മേഖലയിലെ സ്വയം ഭരണ കൗൺസിലില്‍ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 28 ല്‍ 25 സീറ്റുകള്‍ സിപിഐഎം നയിച്ച ഇടത് മുന്നണിയാണ് നേടിയത്. 

2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഐപിഎഫ്ടി സഖ്യം ഈ മേഖലയില്‍ 20 സീറ്റുകളില്‍ 18 ഉം നേടിയിരുന്നു. എന്നാല്‍ ഈ നേട്ടം മൂന്ന് വര്‍ഷത്തിനിപ്പുറം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷിക്കും സാധിച്ചില്ല.  ഏപ്രില്‍ 6നാണ് ഇവിടെ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്.