മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. പശ്ചിമബംഗാൾ സന്ദേശ്ഖലിയിലാണ് സംഭവം.
കൊൽക്കത്ത: പശ്ചിമബംഗാളിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
ജയിലിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിനെതിരായ കേസിന്റെ നടപടിക്കായി കോടതിയിലേക്ക് പോകവേയാണ് ഭോലാനാഥ് ഘോഷും കുടുംബവും സഞ്ചരിച്ച കാർ നോർത്ത് 24 പർഗാനസിൽ ടിപ്പറുമായി കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഘോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മകനും ഡ്രൈവറും അപകടത്തിൽ മരിച്ചു. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടം ആസൂത്രിതമാണെന്നും, ഭോലാനാഥ് ഘോഷിന് ഷാജഹാന് ഷെയ്ഖിന്റെ ആളുകളിൽ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ബംഗാൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതാണ് പശ്ചിമബംഗാളിലെ അവസ്ഥയെന്നും ജയിലിലിരുന്നും എതിരാളികളെ വകവരുത്തുകയാണ് ക്രിമിനലുകളെന്നും ബിജെപി വിമർശിച്ചു.


