നടൻ വിജയ്‌യുടെ പുതുച്ചേരിയിലെ രാഷ്ട്രീയ റാലിയിൽ നിയമം ലംഘിച്ച ജനക്കൂട്ടത്തെ ധീരമായി നേരിട്ട പൊലീസ് സൂപ്രണ്ട് ഇഷാ സിംഗ്. അഭിഭാഷകയിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ഇഷയുടെ പശ്ചാത്തലവും പുതുച്ചേരിയിലെ അവരുടെ ജനകീയ ഇടപെടലുകളും അറിയാം
പുതുച്ചേരി: നീതിക്ക് നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്ന പൊലീസ് നായകന്മാരുടെ നിരവധി സിനിമകൾ തമിഴിൽ ഉണ്ടായിട്ടുണ്ട്. വിജയ് നായകനായ പോക്കിരിയും തെരിയുമെല്ലാം അത്തരം പൊലീസ് സ്റ്റോറികളാണ് പറഞ്ഞത്. ഇപ്പോൾ റീൽ അല്ലാതെ റിയൽ ആയ ഒരു പൊലീസ് ഓഫീസറുടെ ധൈര്യപൂര്‍വ്വമുള്ള ഇടപെടൽ ആണ് തമിഴ് ലോകത്തെ പ്രധാന ചര്‍ച്ച. പൊലീസ് വേഷങ്ങളിൽ തിളങ്ങിയ വിജയ് ആണ് ഇവിടെ വിമർശനം ഏറ്റുവാങ്ങുന്നത് എന്നുള്ളതാണ് ഇതിലെ കൗതുകം.
വിജയ് നേതൃത്വം കൊടുക്കുന്ന തമിഴക വെട്രി കഴകത്തിന്‍റെ പുതിച്ചേരിയിലെ റാലിയിൽ അനുവദിച്ച 5,000ത്തേക്കാൾ അധികം ആളുകൾ പങ്കെടുത്തപ്പോൾ, സിനിമയിലെ നായകന്മാരെ പോലെ ഒരു യഥാര്‍ത്ഥ നായിക പ്രതികരിച്ചു. ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയിൽ, പുതുച്ചേരി സൂപ്രണ്ട് ഓഫ് പൊലീസ് ഇഷാ സിംഗ്, മൈക്ക് മുറുകെ പിടിച്ച് ആൾക്കൂട്ടത്തിന്‍റെ ആർപ്പുവിളികൾക്കിടയിലൂടെ ശബ്‍ദമുയർത്തി. 'നിരവധി ആളുകളുടെ രക്തം ഒഴുകി, 40 ആളുകൾ മരിച്ചു. നിങ്ങളെന്താണ് ചെയ്യുന്നത്?' എന്നവര്‍ ഉറക്കെ തന്നെ ചോദിച്ചു.
സെപ്റ്റംബർ 28ന് കരൂരിൽ 41 പേർ മരിച്ച തിക്കും തിരക്കും ഉണ്ടായപ്പോൾ, ടിവികെയുടെ റാലി ദുരന്തമായി മാറിയതിനെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലായിരുന്നു അവരുടെ വാക്കുകൾ. വൈറലായ ക്ലിപ്പിൽ, ടിവികെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഇഷാ സിംഗ് അദ്ദേഹത്തെ പരസ്യമായി ശാസിക്കുന്നത് കാണാം.
ആരാണ് ഇഷ സിംഗ്
1998-ൽ മുംബൈയിൽ ജനിച്ച ഇഷയുടെ പിതാവ്, 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് പ്രതാപ് സിംഗ് ആണ്. അഴിമതി തുറന്നുകാട്ടിയതിന്‍റെ പേരിൽ വർഷങ്ങളോളം 'ശിക്ഷാ നിയമനങ്ങളിൽ' സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് രാജിവെച്ചയാളാണ് യോഗേഷ് പ്രതാപ്. അമ്മ ആഭ സിംഗ്, ഇന്ത്യൻ തപാൽ സർവീസിൽ നിന്ന് രാജിവെച്ച്, പൊതുതാൽപ്പര്യ വിഷയങ്ങളിൽ ഇടപെടുന്ന അഭിഭാഷകയായി.
അഭിഭാഷകയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയിലേക്ക്
ബംഗളൂരു നാഷണൽ ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ഇഷ സഹപാഠികൾ പോയ കോർപ്പറേറ്റ് ഇന്‍റേൺഷിപ്പുകൾ വേണ്ടെന്ന് വെച്ച് മനുഷ്യാവകാശ കേസുകളിലും പൊതുതാൽപ്പര്യ ഹർജികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2021ൽ, മുംബൈയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച മൂന്ന് തൊഴിലാളികളുടെ വിധവമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നേടി നൽകാൻ ഇഷയ്ക്ക് കഴിഞ്ഞു. അഭിഭാഷക ജോലി വ്യക്തികളുടെ പ്രശ്നങ്ങൾ തീർക്കാൻ സഹായിക്കുമെങ്കിലും, സിസ്റ്റത്തെ തന്നെ മാറ്റുന്നതിന് വലിയ പരിഷ്കരണം ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. സർക്കാർ തന്നെയാണ് ഏറ്റവും മികച്ച എൻജിഒ. ഓരോ പൗരനും ഒരു ആക്ടിവിസ്റ്റ് ആയിരിക്കണം എന്ന് ഒരു അഭിമുഖത്തിൽ ഇഷ പറഞ്ഞിരുന്നു. തുടർന്ന്, കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഇഷ യുപിഎസ്‍സിക്ക് വേണ്ടി വീണ്ടും തയാറെടുത്തു. രണ്ടാം ശ്രമത്തിൽ 133-ാം റാങ്ക് നേടി, ഇന്ത്യൻ പൊലീസ് സർവീസ് തന്നെ തിരഞ്ഞെടുത്തു.
റാലി നിയന്ത്രിച്ച സ്റ്റാർ
പുതുച്ചേരിയിൽ, ഇഷാ സിംഗിന്‍റെ പ്രശസ്തി വൈറൽ ക്ലിപ്പിൽ മാത്രം ഒതുങ്ങിയില്ല. അർദ്ധരാത്രിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരോടും കോളേജ് വിദ്യാർത്ഥികളോടും സംസാരിച്ചും രാത്രി വൈകി വീട്ടിലേക്ക് പോകുന്ന സ്ത്രീകളോട് സുരക്ഷാ കാര്യങ്ങൾ തിരക്കിയും എസ്പിയെ തെരുവുകളിൽ തന്നെ ഉണ്ടായിരുന്നു. ചൈൽഡ് സേഫ്റ്റി, മയക്കുമരുന്ന് ദുരുപയോഗം, സ്ത്രീകളുടെ അവകാശങ്ങൾ, റോഡ് സുരക്ഷ എന്നിവയെക്കുറിച്ച് സംസാരിച്ചും വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചും ഇഷാ സിംഗ് എപ്പോഴും യുവജനങ്ങളുമായി സംവദിക്കാൻ അവസരം കണ്ടെത്താറുണ്ട്.


