ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയെയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയെയും പോലീസ് പിടികൂടി. ഷിംലയിലേക്ക് ലോറിയില്‍ ഒളിച്ചുകടക്കുന്നതിനിടെ ഷോഗിയില്‍ പൊലീസ് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലായ വിദേശ വനിതയെ ദാല്ലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ബാക്കി മൂന്ന് പേരെ ഷോഗിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റി.

കര്‍ഫ്യൂ പാസ് അടക്കം യാതൊരു രേഖകളുമില്ലാതെ അനധികൃതമായിട്ടായിരുന്നു ഇവരുടെ യാത്ര. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് പിടികൂടി.  പിടിയിലായ യുവാവ് ഹിമാചലിലെ നിര്‍മാന്‍ഡ സ്വദേശിയാണ്. 

മുപ്പതുവയസിലേറെ പ്രായമുള്ള റഷ്യന്‍ യുവതിക്കൊപ്പം നോയിഡയില്‍നിന്നാണ് ഇയാള്‍ ലോറിയില്‍  ഒളിച്ചിരുന്ന് യാത്ര തിരിച്ചത്. നാട്ടിലെത്തി പരമ്പരാഗത രീതിയില്‍ റഷ്യന്‍ യുവതിയെ വിവാഹം കഴിക്കാനായിരുന്നു  യുവാവിന്റെ തീരുമാനം. അതിനായാണ് സാഹസിക യാത്രക്ക് തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരെ പകര്‍ച്ചവ്യാധി നിയമം   ചുമത്തി കേസെടുത്തു.