ദില്ലി: ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍ നടത്തിയ പരാമര്‍ശങ്ങളുടേയും നിലപാടുകളുടേയും പശ്ചാത്തലത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണം എന്ന് വനിതാ സംഘടനകൾ. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാൽ ബലാൽസംഗം ആകുമോ എന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം ഏറെ വിവാദം ആയതിന് പിന്നാലെയാണ് ആവശ്യം. വിവാഹ ജീവിതങ്ങളില്‍ സംഭവിക്കുന്ന ബലാത്സംഗങ്ങളെയും ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും സ്ത്രീത്വത്തിന് എതിരായ നിലപാടാണെന്ന് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ശരദ് അരവിന്ദ് ബോംബ്ഡെ രാജി വക്കണമെന്നാണ് നാലായിരത്തിലധികം പ്രമുഖര്‍ അടങ്ങിയ വനിതാ സംഘടനകളുടെ സംയുക്ത ആവശ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം മറ്റ് കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും പൊലീസിനം അടക്കം നല്‍കുന്ന സന്ദേശം തെറ്റാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ കൂടുതല്‍ നിശബ്ദരാക്കാന്‍ മാത്രമേ ഉതകൂവെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹം ബലാത്സംഗത്തിനുള്ള ലൈസന്‍സാണ് എന്ന സന്ദേശമാണ് സുപ്രീം കോടതി ജഡ്ജി അക്രമിക്ക് നല്‍കുന്നത്.

വനിതാ അവകാശ പ്രവര്‍ത്തകരായ ആനി രാജ, മറിയം ധവാലെ, കവിത കൃഷ്ണന്‍, കമല ഭാഷിന്‍, മീര സംഘമിത്ര അടക്കമുള്ളവരാണ് ചീഫ് ജസ്റ്റിസ് രാജി വക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പോളിറ്റ്  ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഭാവിയിലും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലെ പ്രതികളെ സഹായിക്കാൻ ഉപയോഗിക്കപ്പെടും അതിനാൽ പരാമർശം പിൻവലിക്കണം എന്ന് ബ്രിന്ദ കാരാട്ട് കത്തിൽ ആവശ്യപ്പെട്ടിരുന്നു. പരമോന്നത നീതി പീഠം സ്ത്രീകളെ ഉപദ്രവിക്കുന്നവരെ സരക്ഷിക്കുന്നതിന് പകരം  ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും  കത്തിൽ ബ്രിന്ദ കാരാട്ട് പറഞ്ഞിരുന്നു.