Asianet News MalayalamAsianet News Malayalam

'ശബരിമല' സ്വകാര്യ ബില്ല്: ബിജെപി പിന്തുണച്ചേക്കില്ല, സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്

നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സ്വകാര്യ ബില്ല് തൽക്കാലം അംഗീകരിക്കാനാകില്ലെന്നും രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട്. 

sabarimala private bill bjp may not approve says bjp general secretary ram madhav exclusive
Author
Thiruvananthapuram, First Published Jun 21, 2019, 12:43 PM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിന്‍റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ഇതിൽ സുപ്രീംകോടതിയെ പൂർണമായി മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെങ്ങും ശബരിമല അയ്യപ്പന്‍റെ വിശ്വാസികളുണ്ട്. ഞാൻ വരുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. അവിടെയും നിറയെ അയ്യപ്പഭക്തൻമാരുണ്ട്. അതിനാൽ ഇത് കണക്കിലെടുത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കും - രാം മാധവ് വ്യക്തമാക്കി.

ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു രാം മാധവിന്‍റെ മറുപടി. എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിൽ ഇപ്പോൾ തൽക്കാലം നിലപാടെടുക്കാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാം മാധവ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios