Asianet News MalayalamAsianet News Malayalam

ശബരിമല ബില്ല് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചു, അവതരണാനുമതി ഐകകണ്ഠ്യേന

ബില്ലിൻമേലുള്ള പരാമർശങ്ങളൊന്നും നടത്താൻ ചെയറിലുണ്ടായിരുന്ന ബിജെപി എംപി മീനാക്ഷി അനുവദിച്ചില്ല. ബില്ലിന് അവതരണാനുമതി നൽകുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. 

sabarimala private bill presented in loksabha
Author
New Delhi, First Published Jun 21, 2019, 4:44 PM IST

ദില്ലി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിർത്തില്ല. ഇത് കൂടാതെ പ്രേമചന്ദ്രൻ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകളും സഭയിൽ അവതരിപ്പിച്ചു.

'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. 

ഇന്ന് ബില്ല് അവതരിപ്പിച്ചെങ്കിലും ഇത് ചർച്ചയ്ക്ക് എടുക്കൽ എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും. 

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലിൽ ബിജെപിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് പാ‍ർലമെന്‍റംഗത്തിന്‍റെ അവകാശമാണ്. പാർലമെന്റംഗം അവതരിപ്പിക്കുന്ന ബിൽ ആയാലും സർക്കാർ അവതരിപ്പിക്കുന്ന ബിൽ ആയാലും, അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞാൽ, പിന്നെയത് സഭയുടെ ബില്ലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിലേ ബിൽ പാസാകൂ. സ്വകാര്യ ബില്ലുകൾ പാസാകണമെങ്കിൽ അതിന് ഭൂരിപക്ഷം ഉള്ള സ‍ർക്കാരിന്റെ പിന്തുണ വേണം. സ്വകാര്യ ബില്ലുകൾ പാസാകാതെ പോകുന്നത് സർക്കാർ അനുകൂല നിലപാടെടുക്കാത്തത് കൊണ്ടാണ്," അദ്ദേഹം വിശദീകരിച്ചു.

Read More: എന്താണ് സ്വകാര്യ ബില്ല്? 'ശബരിമല'യിൽ പ്രേമചന്ദ്രന്‍റെ ബില്ല് പാസ്സാകുമോ? ബിജെപി പിന്തുണക്കുമോ?

കേന്ദ്രം എന്ത് ചെയ്യും?

ഒരു സ്വകാര്യ ബില്ല് വന്നാൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്: ഒന്ന്, ബില്ല് പിൻവലിക്കാൻ അംഗത്തോട് ആവശ്യപ്പെടാം. സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതിനാൽ തൽക്കാലം ഇപ്പോൾ ബില്ല് പിൻവലിച്ചാൽ ഇതേ വിഷയത്തിൽ സമഗ്രമായ, കുറ്റമറ്റ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതല്ലെങ്കിൽ, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തൽക്കാലം സ‍ർക്കാരിന് ഇടപെടാനാകില്ലെന്ന് കാണിച്ച് എതിർക്കാം. അതല്ലെങ്കിൽ ബില്ല് പാസ്സാക്കുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെടാം. ഇതിലേത് നിലപാടാകും കേന്ദ്രസർക്കാർ സ്വീകരിക്കുക എന്നത് നിർണായകമാണ്. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിന്‍റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.

Read More: 'ശബരിമല' സ്വകാര്യ ബില്ല്: ബിജെപി പിന്തുണച്ചേക്കില്ല, സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്

Follow Us:
Download App:
  • android
  • ios