കല്ലുകളും റെയിൽവേ ട്രാക്ക് സിസറുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ളവയാണ് ട്രാക്കിലുണ്ടായിരുന്നത്. റെയിൽവേ എർത്തിംഗ് ലൈൻ ഇളക്കി മാറ്റിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
തനക്പൂർ: യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. തനക്പൂർ-ബറേലി പാതയിൽ ട്രാക്കിൽ ഇരുമ്പ് ദണ്ഡം അടക്കം സ്ഥാപിച്ചാണ് അട്ടിമറിശ്രമം. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം. ഉത്തർ പ്രദേശിലെ ബറേലിയിലെ ദൊഹ്ന സ്റ്റേഷന് സമീപമാണ് തനക്പൂർ ബറേലി പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്.
ട്രാക്കിൽ വച്ച ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ലോക്കോ പൈലറ്റ് കണ്ടതിനാൽ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു. കല്ലുകളും റെയിൽവേ ട്രാക്ക് സിസറുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ളവയാണ് ട്രാക്കിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 11.58ഓടെയാണ് സംഭവം. തനക്പൂരിൽ നിന്ന് രാത്രി 9.30ന് യാത്ര ആരംഭിച്ച് 12.55ന് ബറേലിയിൽ എത്തുന്ന പാസഞ്ചർ ട്രെയിനായിരുന്നു സംഭവ സമയം ഇതിലൂടെ കടന്ന് പോവേണ്ടിയിരുന്നത്.
എമർജൻസി ബ്രേക്ക് പിടിച്ചതിനാൽ ട്രാക്കിലുണ്ടായിരുന്ന തടസത്തിൽ തട്ടാതെ ട്രെയിൻ നിക്കുകയായിരുന്നു. ആർപിഎഫ്, പ്രാദേശിക പൊലീസ്, റെയിൽവേ എൻജിനിയർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. റെയിൽവേ എർത്തിംഗ് ലൈൻ ഇളക്കി മാറ്റിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സംഭവം അട്ടിമറി ശ്രമമാണെന്ന സംശയം രൂക്ഷമായത്. മേഖലയിൽ റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.


