Asianet News MalayalamAsianet News Malayalam

അനധികൃത ഖനനം തടയാൻ സന്യാസി സ്വയം തീകൊളുത്തി, രാജസ്ഥാനിൽ രാഷ്ട്രീയ വിവാദം

അശോക് ഗെഹ്‍ലോട്ട് സർക്കാരാണ് സംഭവത്തിന് ഉത്തരവാദി എന്ന് ബിജെപി, അനധികൃത ഖനന മാഫിയക്കെതിരെ ശക്തമായ നടപടിക്ക് നിർദേശിച്ച് ഗെഹ്‍ലോട്ട്

Sadhu Sets himself afire In Rajasthans Bharatpur
Author
Rajasthan, First Published Jul 21, 2022, 4:29 PM IST

ജയ്പൂർ: ഭരത്പൂരിൽ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സന്യാസിമാരിൽ ഒരാൾ സ്വയം തീകൊളുത്തിയതിനെ ചൊല്ലി രാജസ്ഥാനിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ഖനന മാഫിയയെ പിന്തുണയ്ക്കുന്ന അശോക് ഗെഹ്‍ലോട്ട് സർക്കാരാണ് സംഭവത്തിന് ഉത്തരവാദി എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. അടിയന്തര അവലോകന യോഗം വിളിച്ച ഗെഹ്‍ലോട്ട്, അനധികൃത ഖനന മാഫിയക്കെതിരെ ശക്തമായ നടപടിക്ക് നിർദേശിച്ചു. സ്വയം തീ കൊളുത്തിയ സന്യാസി ജയ്പൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സന്യാസി ചികിത്സയിലുള്ള ആശുപത്രി സന്ദർശിച്ച ശേഷമാണ് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂണിയയും സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 551 ദിവസമായി നടക്കുന്ന സന്യാസി സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് സംഭവത്തിന് ഉത്തരവാദി എന്ന് ഇരുവരും ആരോപിച്ചു. മറ്റ് മുതിർന്ന ബിജെപി നേതാക്കളും വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് അടിയന്തര യോഗം വിളിച്ചു. ഖനന മാഫിയക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ അദ്ദേഹം നിർ‍ദേശിച്ചു. ഖനനം നിർത്തി വച്ചിട്ടുണ്ട്. അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനം അനധികൃമല്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നീക്കം എത്രത്തോളം ഫലം കാണുമെന്ന ആശങ്കയുണ്ട്. 

അതേസമയം സ്വയം തീ കൊളുത്തിയതിനെ തുടർന്ന് എൺപത് ശതമാനം പൊള്ളലേറ്റ നാരായൺ ദാസ് എന്ന സന്യാസിയുടെ നില മാറ്റമില്ലാതെ ടതുരുകയാണ്. പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അൽപം മാറി നിന്നിരുന്ന വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസുകാർ ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭരത്പൂർ ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. 

അനധികൃത ഖനനം തടയാൻ സ്വയം തീകൊളുത്തി; രാജസ്ഥാനിൽ സന്യാസി ഗുരുതരാവസ്ഥയിൽ

സമരം നടത്തുന്ന സന്യാസിമാരിൽ ഒരാൾ കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാൻ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിജയ് ദാസ് സ്വയം തീ കൊളുത്തിയത്. വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി വന്നിട്ടുണ്ട്.

ഭരത്പൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്.


 
 

Follow Us:
Download App:
  • android
  • ios