ദില്ലി: രാജ്യ തലസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ദില്ലിയിലെ വിവിധയിടങ്ങളില്‍ ചിക്കന്‍ വില്‍പ്പന  നിരോധിച്ചു. കോഴി ഇറച്ചിയോ മുട്ടകൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഇറച്ചിക്കോഴി വിതരണ യൂണിറ്റുകളും കോഴി സംഭരിക്കുന്ന യൂണിറ്റുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറച്ചിക്കോഴി വിതരണം ചെയ്യരുതെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവിൽ പറയുന്നു. ഇറച്ചി വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.  ദില്ലിയിൽ മൂന്നിടത്തെ സാമ്പിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മയൂർവിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവടങ്ങളിലെ സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. മയൂർവിഹാറിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീണിരുന്നു. രാജ്യത്തെ എറ്റവും വലിയ പക്ഷി മാർക്കറ്റായ ഗാസിപൂർ താൽക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. 

രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻ്റെ നിർദേശം. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്.  ഹരിയാനയിൽ അഞ്ച് കോഴി ഫാമുകളിൽ 1.6 ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കി. 

Read Moreആലപ്പുഴയിൽ അജ്ഞാതരോഗം ബാധിച്ച് പൂച്ചകൾ ചത്തൊടുങ്ങുന്നു

 പക്ഷിപ്പനി പടരുന്നത് പരിശോധിക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും ദില്ലി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍‌ച്ച നടത്തുന്നുണ്ട്. പക്ഷിപ്പനി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരാത്തതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.

Read Moreആശങ്കയായി പക്ഷിപനി; മഹാരാഷ്ട്രയിലും ദില്ലിയിലും രോഗം സ്ഥിരീകരിച്ചു

കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞയാഴ്ച പതിനായിരക്കണക്കിന് പക്ഷികളെയാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൂട്ടത്തോടെ കൊന്നൊടുക്കിയത്.

Read More: കര്‍ഷക സമരക്കാര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു: ബിജെപി നേതാവ്