തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ, ഓടിക്കൊണ്ടിരുന്ന യേർക്കാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ യുവതിയെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ജഗദീശൻ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ഈറോഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ. തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു വൻ ദുരന്തമാണ് കൃത്യ സമയത്തുള്ള രക്ഷാപ്രവർത്തനം വഴി ഒഴിവായത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന യേർക്കാട് എക്സ്പ്രസ്സിൽ (Yercaud Express) കയറാൻ ശ്രമിക്കുമ്പോഴാണ് യുവതിക്ക് കാൽതെറ്റിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള അപകടകരമായ വിടവിലേക്ക് യുവതി വഴുതി വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നിമിഷങ്ങൾക്കകം, അടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ജഗദീശൻ ഓടിയെത്തി യുവതിയുടെ കൈകളിൽ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ധീരമായ പ്രവർത്തനം യുവതിയുടെ ജീവൻ രക്ഷിക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.
ആർപിഎഫ് കോൺസ്റ്റബിളിന് അഭിനന്ദനം
'2025 ഒക്ടോബർ 27ന് ഈറോഡ് ജംഗ്ഷനിൽ വെച്ച് ട്രെയിൻ നമ്പർ 22650 ഈറോഡ് - ചെന്നൈ യേർക്കാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റിയ യാത്രക്കാരിയെ കരൂർ/സതേൺ റെയിൽവേയിലെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ശ്രീ ജഗദീശൻ ഉടൻ തന്നെ രക്ഷപ്പെടുത്തി' - സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സതേൺ റെയിൽവേ എക്സിൽ കുറിച്ചു.
"അദ്ദേഹത്തിന്‍റെ സമയബന്ധിതമായ ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കുകയും അമൂല്യമായ ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു. അസാമാന്യമായ മനസ്സാന്നിധ്യത്തിനും സമർപ്പണത്തിനും ആർപിഎഫ് കോൺസ്റ്റബിൾ ജഗദീശന് അഭിനന്ദനങ്ങൾ," എന്നും റെയിൽവേ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം തെലങ്കാനയിലെ ചാർലപ്പള്ളി റെയിൽവേ സ്റ്റേഷനിലും ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ വീണ ഒരു യുവതിയെ വനിതാ കോൺസ്റ്റബിൾ രക്ഷപ്പെടുത്തിയിരുന്നു.


