മസ്ജിദ് സർവെക്കിടെ സംഘർഷമുണ്ടായ സംഭലിലും ബുൾഡോസർ! ഡെ. കളക്ടറുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി
സംഭൽ എം പി സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്
സംഭൽ: മസ്ജിദ് സർവെയെ തുടർന്ന് സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭലിലും ബുൾഡോസർ പ്രയോഗം. അനധികൃതമായി നിർമ്മിച്ചെന്ന് ആരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സംഭലിലെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തിയത്. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നും അധികൃതർ വിശദീകരിച്ചു. സംഭൽ എം പി സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭൽ ഇരകളുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി, കൂടിക്കാഴ്ച ദില്ലിയിൽ, ഒപ്പം പ്രിയങ്കയും
നവംബർ അവസാന വാരത്തിൽ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പിൽ 5 പേരാണ് കൊല്ലപ്പെട്ടത്. സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ സംബൽ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകൾ വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞുവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു. സംഭവത്തിൽ 400 ലേറെ പേർക്കെതിരെയാണ് കേസെടുത്തത്. സംഭലിൽ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. സംഘർഷത്തിൽ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജൻപഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം