മുംബൈയിൽ പതിനാറുകാരനായ കൗമാരക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ: മുംബൈയിൽ രണ്ട് കൗമാരക്കാർ തമ്മിലുള്ള സ്വവർഗ്ഗാനുരാഗം കൊലപാതകത്തിൽ കലാശിച്ചു. 16 വയസ്സുകാരനായ പങ്കാളിയെ വിഷം കലർത്തിയ കൂൾഡ്രിങ്സ് നൽകി കൊലപ്പെടുത്തി എന്നാണ് 19 വയസ്സുകാരനായ പ്രതിക്കെതിരെ കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ ആരോപണം. പ്രാഥമികമായി പൊലീസും സമാന നിഗമനത്തിലാണെങ്കിലും, സ്ഥിരീകരിക്കുന്നതിനായി ഫൊറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പ്രതിയെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, ജൂൺ 29-ന് തൻ്റെ മകൻ നടക്കാൻ പോയെന്നും രാത്രി വൈകിയും മടങ്ങിവരാത്തതിനെ തുടർന്ന് തെരച്ചിൽ ആരംഭിച്ചെന്നും പിതാവ് പരാതി നൽകി. അടുത്ത ദിവസം, കൊല്ലപ്പെട്ടയാളുടെ ഒരു സുഹൃത്ത് മകൻ പ്രതിയുടെ വീട്ടിൽ പോയിരുന്നതായി കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങൾ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ, കുട്ടി കിടപ്പുമുറിയിൽ കിടക്കുകയായിരുന്നു. പ്രതി അരികിലായി ഇരിക്കുന്നുണ്ടായിരുന്നു. വിളിച്ചിട്ടും എഴുന്നേൽക്കാതായപ്പോൾ, ഡോക്ടറെ വിളിച്ചുവരുത്തി. തുടര്‍ന്ന് കുട്ടി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയും ആയിരുന്നു.
അന്വേഷണത്തിൽ, പ്രതി കുട്ടിക്ക് കൂൾഡ്രിങ്സ് വാഗ്ദാനം ചെയ്തെന്നും അത് കുടിച്ചതിന് ശേഷം കുട്ടി ഛർദ്ദിക്കാൻ തുടങ്ങുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നും കണ്ടെത്തി. കേസിൽ ഫൊറൻസിക് റിപ്പോർട്ട് ലഭ്യമാകാനുണ്ട്. സംഭവത്തിൽ ഇരയായ കുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
പരാതി അനുസരിച്ച്, ഏകദേശം നാല് മാസം മുൻപ് കുടുംബം അറിയാതെ ഇരയായ കുട്ടിയെ പ്രതി നാഗ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. മടങ്ങിയെത്തിയപ്പോൾ, ഇരയുടെ മാതാപിതാക്കൾ അവനോട് പ്രതിയുമായി ബന്ധം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇര പ്രതിയെ കാണുന്നതും സംസാരിക്കുന്നതും നിർത്തി. ഇതിൽ അസ്വസ്ഥനായ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും വിഷം കലർത്തിയ കൂൾഡ്രിങ്സ് നൽകുകയുമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാൻ പൊലീസ് ഫൊറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
