മൂന്ന് തീവ്രവാദക്കേസുകളിൽ പ്രതിയാണ് അസീമാനന്ദ്. 2007-ൽ സംഝോത എക്സ്‍പ്രസ് ബോംബ് വച്ച് തകർത്ത കേസിലാണ് പ്രത്യേക എൻഐഎ കോടതി ഇയാളെ വെറുതെ വിട്ടിരിക്കുന്നത്.
ഹരിയാന: സംഝോത എക്സ‍്‍പ്രസ് സ്ഫോടനക്കേസിൽ അസീമാനന്ദ ഉൾപ്പടെ നാല് പ്രതികളെയും വെറുതെ വിട്ടു. ഹരിയാനയിലെ പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് അസീമാനന്ദയെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചന ഉൾപ്പടെ ഇവർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
കേസിലെ സുപ്രധാനസാക്ഷികളായ 13 പാക് പൗരൻമാരെ കോടതിയിൽ വിചാരണ നടത്തിയിട്ടില്ല. എൻഐഎ കണ്ടെത്തിയ 13 പാക് പൗരൻമാരുടെയും വിചാരണയ്ക്കായി പാക് എംബസിയെ പല തവണ സമീപിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്ന് എൻഐഎ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനിടെ മാർച്ച് 11-ന് രാഹില വക്കീൽ എന്ന പാകിസ്ഥാനി പൗര തന്നെ സാക്ഷിയായി കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടികയിലുള്ള 13 സാക്ഷികൾക്ക് പുറമേ പുതിയൊരു സാക്ഷിയുടെ പേര് ചേർക്കുന്നതിനെ എൻഐഎ ശക്തമായി എതിർക്കുകയായിരുന്നു.
എന്നാൽ കേസിലെ ഒരു സാക്ഷികൾക്കും കൃത്യമായ സമൻസ് എൻഐഎയുടെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് രാഹില കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ കൃത്യമായ സാക്ഷിവിസ്താരം പോലും നടക്കാതെയാണ് ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.
2007 ഫെബ്രുവരി 18-നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക് പൗരന്മാർ ആണ്.
ഗുജറാത്ത് കലാപകാലത്ത് ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന് മുസ്ലീങ്ങൾക്ക് നൽകിയ മറുപടി നൽകാനാണ് സ്ഫോടനത്തിന് ആസൂത്രണം നൽകിയതെന്നാണ് ആരോപണമുയർന്നിരുന്നത്. രാജ്യത്തെ ഹിന്ദു തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസിലാണിപ്പോൾ ഒരു ഹിന്ദു സന്യാസി കൂടിയായ അസീമാനന്ദുൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ട് വിധി വന്നിരിക്കുന്നത്.
കേസില്‍ 2010-ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ അസീമാനന്ദയ്ക്ക് പുറമേ ഹിന്ദുസംഘടനാപ്രവർത്തകരായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ എന്നിവർ പങ്കാളികളാണെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ നാല് പേരെ മാത്രമാണ് പിടികൂടാനായത്. മുഖ്യ സൂത്രധാരനായ സുനിൽ ജോഷി 2007-ൽ കൊല്ലപ്പെട്ടു. 3 പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കേസിൽ വിചാരണ നേരിടവെത്തന്നെ അസീമാനന്ദയ്ക്ക് ജാമ്യം നൽകിയ സർക്കാർ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. അസീമാനന്ദ ജാമ്യത്തിലും ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രാജിന്ദർ ചൗധരി എന്നീ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു.
