പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. തരൂർ ഒരു അവസരവാദിയാണെന്ന് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കാൻ ഒന്നുമില്ലെന്ന് സുപ്രിയ ശ്രീനതെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് ദീക്ഷിത്. ശശി തരൂരിനെതിരെ അവസരവാദിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എന്തിനാണ് ഇപ്പോഴും കോൺഗ്രസിൽ നിൽക്കുന്നതെന്നും ചോദിച്ചു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അക്കാര്യത്തിൽ ഒരു വിശദീകരണം നൽകണം. അത് ചെയ്യുന്നില്ലെങ്കിൽ നിങ്ങളൊരു അവസരവാദിയാണെന്നായിരുന്നു സന്ദീപ് ദീക്ഷിതിൻ്റെ വിമർശനം.
'രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് താൻ കരുതുന്നില്ല. നിങ്ങൾക്ക് കോൺഗ്രസിൻ്റെ നയങ്ങൾക്കെതിരെ നിൽക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എംപിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതെയും സമാനമായ വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കത്തക്കതായി ഒന്നും താൻ കണ്ടില്ലെന്നും ശശി തരൂർ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു വിമർശനം. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നേരിട്ട് പങ്കെടുത്തതിൻ്റെ അനുഭവം വിവരിച്ച് ശശി തരൂർ എക്സിൽ പങ്കുവച്ച അനുഭവമാണ് വിവാദത്തിൻ്റെ കേന്ദ്രബിന്ദു.


