മുംബൈ ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തിൽ, വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ഭീകരരെ നേരിടുന്നതിനിടെ ജീവൻ ബലിയർപ്പിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരതയെയും ത്യാഗത്തെയും അനുസ്മരിക്കാം
ദില്ലി: രാജ്യത്തിന് തീരാവേദനയായി മാറിയ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന് 17 വർഷം തികഞ്ഞതിനോടനുബന്ധിച്ച്, ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്കും നഗരത്തെ സംരക്ഷിക്കാൻ ജീവൻ നൽകിയ ധീരരായ വീരന്മാർക്കും രാജ്യം ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ 26/11 ആക്രമണത്തിലെ വീരമൃത്യു വരിച്ചവരുടെ ധീരതയെയും ത്യാഗത്തെയും നിസ്വാർത്ഥമായ ധൈര്യത്തെയും അനുസ്മരിച്ച് സന്ദേശങ്ങൾ പങ്കുവെച്ചു.
സന്ദീപ് ഉണ്ണികൃഷ്ണൻ - ജ്വലിക്കുന്ന ഓർമ്മ
ഇന്ത്യക്ക് ആ ദിനം ഒരിക്കലും മറക്കാൻ കഴിയില്ല. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിലേക്ക് കടന്നുകയറിയ ഭീകരർ ഒട്ടേറെപ്പേരെ വെടിവച്ചു വീഴ്ത്തി. ഭീകരരെ നേരിടാൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന് നേതൃത്വം നൽകിയത് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ആയിരുന്നു. ഭീകരർക്കെതിരെ പിന്നീട് നടന്നത് അതിശക്തമായ തിരിച്ചടിയായിരുന്നു. മനുഷ്യ ജീവനുകൾ രക്ഷിക്കാനായി സന്ദീപും കൂട്ടാളികളും പോരടിച്ചു. ഒരുപാട് പേരെ സന്ദീപ് ഒറ്റയ്ക്കുതന്നെ രക്ഷിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്ന കമാൻഡോ സുനിൽ യാദവിന് വെടിയേറ്റപ്പോൾ, മേജർ സന്ദീപ് ഭീകരരെ ശ്രദ്ധതിരിക്കാനായി മുന്നോട്ട് കുതിച്ചു. ആറാം നിലയിൽ നടന്ന ഈ ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിന് വെടിയേൽക്കുകയും വീരമൃത്യു വരിക്കുകയും ചെയ്തു. 'നിങ്ങൾ മുകളിലേക്ക് വരേണ്ട, ഞാൻ അവരെ കൈകാര്യം ചെയ്തോളാം' എന്നതായിരുന്നു തന്‍റെ ടീമിന് മേജർ സന്ദീപ് നൽകിയ അവസാന നിർദ്ദേശം. കൃത്യം രണ്ടു മാസം പ്രായമായപ്പോൾ സ്വന്തം ജീവൻ നാടിനായി സമര്‍പ്പിച്ച ധീരന് മരണാനന്തര ബഹുമതിയായി അശോകചക്രം ഇന്ത്യ സമർപ്പിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് അത് ഏറ്റുവാങ്ങിയത് അമ്മ ധനലക്ഷ്മിയായിരുന്നു.
നടുക്കുന്ന ഓർമ്മകൾ
മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓർമ്മകളിൽ രാജ്യം. ലോകം നടുങ്ങിയ ആക്രമണം നടന്നിട്ട് ഇന്നേക്ക് 17 വർഷം തികയുകയാണ്. അജ്മൽ കസബിന്റെ നേതൃത്വത്തിൽ കടൽ കടന്നെത്തിയ പാക് ഭീകരർ കൊലപ്പെടുത്തിയത് വിനോദ സഞ്ചാരികളടക്കം 166 പേരെയാണ്. ഭീകരരെ കീഴടക്കിയത് മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്. ആ നടുക്കുന്ന ഓർമ ഇന്നും മഹാനഗരത്തിൽ നിന്ന് മായാതെ നിൽക്കുന്നു. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ ചേർന്ന് മൂന്ന് ദിവസത്തോളമാണ് മുംബൈയെ വിറപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു മുബൈ ഭീകരാക്രമണം. മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചായിരുന്നു ഭീകരാക്രമണം.


