Asianet News MalayalamAsianet News Malayalam

താരപ്രചാരകനല്ല, ഗുജറാത്തിലേക്ക് ക്ഷണിക്കാതെ എഐസിസി; ആരാണ് മികച്ചവരെന്ന് പാര്‍ട്ടിക്ക് അറിയാമെന്ന് തരൂര്‍

നിരാശയില്ലെന്നും ശശി തരൂര്‍.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍  നാല്‍പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ശശി തരൂര്‍ പട്ടികയിലില്ല

sasi tharoor not in   AICC star campaigners list for Gujarat election
Author
First Published Nov 17, 2022, 12:19 PM IST

ദില്ലി:ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന്  ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത്   ചര്‍ച്ചയാകുന്നു.  താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്‍റെ പ്രതികരണം. തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്. 

ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍  നാല്‍പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ അണിനിരക്കുന്ന പട്ടികയില്‍   സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ആഴ്ചകളില്‍ സജീവമാകുന്ന പ്രചാരണത്തില് പ്രധാന നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തിയെങ്കില്‍  ശശി തരൂരിന് ക്ഷണമില്ല. താരപ്രചാരകരുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ടു തന്നെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എന്‍എസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂര്‍ നിരസിച്ചതായാണ് വിവരം.

ഹിമാചല്‍ പ്രദേശിലെ പ്രചാരണത്തിലും തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കായി സംസാരിക്കാനെത്തണമെന്ന പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്‍റെ വ്യക്തിപരമായ ക്ഷണവും ശശി തരൂര്‍ നിഷേധിച്ചിരുന്നു. ആരാണ് മികച്ചവരെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും അതു കൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നുമാണ് വാര്‍ത്താ ഏജന്‍സിയോടുള്ള ശശി തരൂരിന്‍റെ പ്രതികരണം. താരപ്രചാരകരുടെ പട്ടികയില്‍ നേരത്തെയും തരൂര്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും, വിവാദം അനാവശ്യമാണെന്നുമാണ് എഐസിസി നേതൃത്വത്തിന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ മത്സരിച്ച തരൂരിനെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ് .തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന കമ്മിറ്റികളിലൊന്നും തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്ലീനറി സമ്മേളനത്തോടെ നിലവില്‍ വരുന്ന പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ തരൂര്‍ ക്യാമ്പിനുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഔദ്യോഗിക നേതൃത്വം നല്‍കുന്നില്ല.

Follow Us:
Download App:
  • android
  • ios