ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ മന്നാര്ഗു‍ഡി കുടുംബം എന്ന് ആരോപിച്ച്  2016 ഫെബ്രുവരി 7നാണ് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണം ഫെബ്രുവരി 7ന് തന്നെ  ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്.

ചെന്നൈ: ശശികലയുടെ മടങ്ങിവരവിന് കളംമൊരുങ്ങിയതോടെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍. അണ്ണാഡിഎംകെയെ തിരിച്ചുപിടിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നിയമപോരാട്ടം നടത്തുമെന്നും ശശികലപക്ഷം വ്യക്തമാക്കി. രണ്ടില ചിഹ്നം അവകാശപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ജയ സമാധിയിലേക്ക് പ്രവേശനം വിലക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ മന്നാര്ഗു‍ഡി കുടുംബം എന്ന് ആരോപിച്ച് 2016 ഫെബ്രുവരി 7നാണ് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണം ഫെബ്രുവരി 7ന് തന്നെ ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്. ബെംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ റാലി. ചെന്നൈയില്‍ ശക്തിപ്രകടനം. യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്നവാകശപ്പെട്ട് പാര്‍ട്ടി കൊടിവച്ച വാഹനത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും രണ്ടില ഹിഹ്നം അവകാശപ്പെട്ടും കോടതിയെ സമീപിക്കും.

മറീനയിലെ ജയ സമാധിയില്‍ ഉപവാസമിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജയ സമാധിയിലേക്ക് ആളുകള്‍ക്ക് പ്രവേശനം സര്‍ക്കാര്‍ വിലക്കി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാനുണ്ടെന്നാണ് വിശദീകരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കോടി ചിലവില്‍ പുതുക്കിപണിത സ്മാരകം തുറന്നുകൊടുത്തത്. രണ്ടാം ധര്‍മ്മയുദ്ധം എന്ന് വിശേഷിപ്പിച്ചാണ് ശശിപക്ഷത്തിന്‍റെ ഒരുക്കം.