ഭാര്യയുടെ മനംമാറ്റത്തിന് പിന്നില്‍ ജ്യോതിഷിയെന്ന് ബിജെപി എംപി സൌമിത്ര ഖാന്‍. പശ്ചിമബംഗാളില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം. ഭാര്യ സുജാത മണ്ഡല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ജ്യോതിഷിയുടെ ഉപദേശമാണ് കാരണമെന്നാണ് സൌമിത്ര ഖാന്‍റെ ആരോപണം. പത്ത് വര്‍ഷത്തെ വിവാഹ ബന്ധം ഒഴിവാക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള സുജാതയുടെ പ്രഖ്യാപനത്തിന് പിന്നാലെ സൌമിത്ര ഖാന്‍ പറഞ്ഞത്. 

പാര്‍ട്ടി മാറിയാല്‍ ഉയര്‍ന്ന പദവികള്‍ ലഭിക്കുമെന്ന് വിശദമാക്കി ഒരു ജ്യോതിഷി ഭാര്യയെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് സൌമിത്രഖാന്‍ ആരോപിച്ചു. തന്‍റെ കുടുംബം നശിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും സൌമിത്ര ഖാന്‍ പറഞ്ഞു. തന്‍റെ പേര് സുജാതയുടെ പേരിനൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സൌമിത്ര ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്‍റെ കുടുംബത്തിന്‍റെ ലക്ഷ്മിയെ തട്ടിക്കൊണ്ട് പോയെന്നും ആരോപിച്ചു. എന്ത് ഉറപ്പാണ് അവര്‍ അവള്‍ക്ക് നല്‍കിയതെന്ന് അറിയില്ല. ചെലപ്പോള്‍ അവരെ മുഖ്യമന്ത്രി ആക്കുമായിരിക്കും. എന്താണെങ്കിലും തന്‍റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നത് സുജാത അവസാനിപ്പിക്കണം. തന്‍റെ പേരിലുള്ള സിന്ദൂരമാണ് സുജാത അണിയുന്നതെന്നും അവര്‍ പറഞ്ഞു. 

വിവാഹമോചനത്തിനുള്ള കടലാസുകള്‍ ഉടന്‍ അയക്കുമെന്ന സൌമിത്ര ഖാന്‍റെ മുന്നറിയിപ്പിനേക്കുറിച്ച് സുജാത കാര്യമായി പ്രതികരിച്ചില്ല. വേര്‍പിരിയലിനേക്കുറിട്ട് താന്‍ ചിന്തിച്ചിട്ടില്ലെന്നും സൌമിത്രഖാനേക്കൊണ്ട് ഇത് പറയിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് ആളുകള്‍ രണ്ട് പാര്‍ട്ടിയിലായത് തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നെന്ന് സുജാത വിശദമാക്കി. താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ട് വിവാഹമോചനം നേടുകയാണെന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണെന്നും അവര്‍ വിശദമാക്കി.