ദില്ലി: സവർക്കറെക്കുറിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ പരാമർശം ദിനംപ്രതി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകുകയാണ്. ബിജെപി ഇതിനെതിരെ വൻപ്രതിഷേധമാണ് ഉയർത്തുന്നത്. രാഹുൽ ​ഗാന്ധിയെ പരസ്യമായി തല്ലിച്ചതയ്ക്കാനാണ് സവർക്കറുടെ കൊച്ചുമകന്റെ അഭ്യർത്ഥന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോടാണ് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. 

ഭാരത് ബച്ചാവോ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ നടത്തിയ റേപ് ഇൻ ഇന്ത്യ പ്രസ്താവനയ്ക്ക് മാപ്പ് പറയാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നും രാഹുൽ​ഗാന്ധി എന്നാണെന്നും സത്യം പറഞ്ഞതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

''എന്റെ മുത്തച്ഛൻ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞുവെന്ന് ​രാഹുൽ ​ഗാന്ധി ആവർത്തിച്ച് ആരോപിച്ചിരുന്നു. അത് സത്യമല്ല, ജയിലിൽ നിന്ന് മോചനം ലഭിക്കാൻ ബ്രിട്ടീഷുകാരുടെ നിബന്ധനകൾ സമ്മതിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബ്രിട്ടീഷുകാരോട് അദ്ദേഹം ഒരിക്കലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല.'' രഞ്ജിത് സവർക്കർ പറയുന്നു.