Asianet News MalayalamAsianet News Malayalam

Maharashtra Crisis: മഹാരാഷ്ട്ര പ്രതിസന്ധിയിൽ കോടതിയിൽ കടുത്ത വാദം, ഗവര്‍ണക്കെതിരെ വാദമുയര്‍ത്തി ഉദ്ധവ് താക്കറെ

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹര്‍ജിയിൽ വാദം കേൾക്കുന്നു.

SC  Hearing begins in Maharashtra Floor Test
Author
Delhi, First Published Jun 29, 2022, 5:46 PM IST

ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തു കൊണ്ട് ശിവസേന നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നു. മുതിർന്ന അഡ്വ.അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയുടെ നിയമസഭാ ചീഫ് വിപ്പും ഹര്‍ജിക്കാരനുമായ സുനിൽ പ്രഭുവിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹര്‍ജിയിൽ വാദം കേൾക്കുന്നു.

കോടതിയിൽ വാദത്തിൽ നിന്നും - 

മനു അഭിഷേക് സിഗ്വി: ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടത്. ഇന്നു രാവിലെ വിശ്വാസവോട്ടെടുപ്പിനുള്ള കത്ത് സര്‍ക്കാരിന് ലഭിച്ചു. വളരെ പെട്ടെന്നാണ് ഈ നടപടിയുണ്ടായത്. നിലവിൽ 2 എൻസിപി എം‌എൽ‌എമാർ കൊവിഡ് ബാധിതരാണ്, ഒരു കോൺഗ്രസ് എം‌എൽ‌എ വിദേശത്താണ്. ഞൊടിയിടയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇവര്‍ക്ക് ആര്‍ക്കും വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. 

ശിവസേനയിൽ ഒരു വിഭാഗം എംഎൽഎമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യത നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ തന്നെ അവര്‍ ചോദ്യം ചെയ്തിട്ടുമുണ്ട്. അക്കാര്യത്തിൽ ഒരു തീരുമാനം ആകാതെ വിശ്വാസവോട്ടെടടുപ്പിലേക്ക് പോകുന്നതും ശരിയല്ല. ആറ് മാസത്തെ ഇടവേളയിൽ മാത്രമേ വിശ്വാസവോട്ടെടടുപ്പ് നടത്താൻ പാടുള്ളൂ. യഥാർത്ഥ ഭൂരിപക്ഷത്തിൻ്റെ വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. 

ജസ്റ്റിസ് സൂര്യകാന്ത്: വിശ്വാസ വോട്ടെടുപ്പും അയോഗ്യരാക്കുന്നതിൽ നോട്ടീസ് നൽകുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്. 

മനു അഭിഷേക് സിഗ്വി: ഡെപ്യൂട്ടി സ്പീക്കറിൻ്റെ നടപടികൾക്ക് സ്റ്റേ കോടതി  നൽകിയിട്ടില്ല. ജൂലൈ പതിനൊന്നിനാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുക. അതിനിടയിൽ എങ്ങനെയാണ് തിരിക്കിട്ട് വിശ്വാസവോട്ടെടുപ്പ് നടക്കുക

ജസ്റ്റിസ് സൂര്യകാന്ത്:  വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് പ്രത്യേക സമയമുണ്ടോ? നിലവിലെ സാഹചര്യത്തിൽ എം എൽ എ മാരെ എങ്ങനെ  അയോഗ്യരായി കണക്കാനാകും ? 

മനു അഭിഷേക് സിഗ്വി: കോടതി ഇടപെട്ടതിനാലാണ് സ്പിക്കറിന് തീരുമാനം  എടുക്കാൻ കഴിയാതെ പോയത്. ജൂൺ 21 മുതൽ ഇതിനായുള്ള നടപടികൾ തുടങ്ങിയതാണ്. തൽസ്ഥിതി തുടരണമെന്ന് കോടതി തന്നെയാണ് നിർദ്ദേശിച്ചത്. നാളെ ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചാൽ പിന്നീട് കോടതി തന്നെ ഇവരെ അയോഗ്യരാക്കിയാൽ അത് ജനാധിപത്യത്തിന് നല്ല സന്ദേശമാകില്ല നൽകുക. മന്ത്രിസഭയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നാൽ ഇവിടെ പ്രതിപക്ഷ നേതാവ് പറയും പോലൊയണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതും വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശിക്കുന്നതും. 

ഗവർണർക്ക് കത്ത് നൽകിയതേടെ വിമത എം എൽ എ മാർ ശിവസേന അംഗത്വം ഉപേക്ഷിച്ചു കഴിഞ്ഞു. നിയമസഭ കക്ഷി നേതാവിനെ മാറ്റണമെന്ന് ഈ എം എൽ എ മാർ കത്തിൽ ആവശ്യപ്പെടുന്നു. വിമത എം എൽ എ മാരുടെ കത്തിൻ്റെ അധികാരികത പരിശോധിക്കാതെയാണ് ഗവർണർ ധൃതി പിടിച്ച് തീരുമാനം എടുത്തത്. 

ജസ്റ്റിസ് സൂര്യകാന്ത്:  ഗവർണറുടെ തീരുമാനത്തിൻ്റെ അധികാരികത ഞങ്ങൾ എന്തിന് സംശയിക്കണം? 

മനു അഭിഷേക് സിഗ്വി: ഗവർണറുടെ എല്ലാ തീരുമാനങ്ങളും ജുഡിഷ്യൽ  പരിശോധനക്ക് വിധേയമാക്കാമെന്ന് ഭരണഘടനാ ബെഞ്ചിൻ്റെ ഉത്തരവുണ്ടെന്ന് സിങ്വി. ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സർക്കാർ  ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ചാൽ ഗവർണർക്ക് എന്ത് ചെയ്യാനാകും?

ജസ്റ്റിസ് സൂര്യകാന്ത്: ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചൂടെ

മനു അഭിഷേക് സിഗ്വി: ജൂലായ് 11 വരെ ഗവർണർ കാത്തിരുന്നാൽ സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ല. ഗവര്‍ണറുടെ തീരുമാനത്തിൽ ജുഡീഷ്യറിക്ക് ഇടപെടാം. മുഖ്യമന്ത്രിയെ കാണാതെ പ്രതിപക്ഷ നേതാവിനെ കണ്ടതിന് ശേഷം നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ എന്തിന് തീരുമാനമെടുത്തു? ഗവർണർക്കുള്ള ഭരണഘടന പരിരക്ഷ അദ്ദേഹത്തിൻ്റെ തെറ്റായ നടപടികൾക്ക് പരിരക്ഷയാകില്ല 

മനു അഭിഷേക് സിഗ്വി: ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും അയോഗ്യത തീരുമാനിച്ച ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. മധ്യപ്രദേശിൽ അയോഗ്യത അപേക്ഷയിൽ തീരുമാനം എടുക്കാതെ നീട്ടി കൊണ്ടുപോവുകയാണ് ചെയ്തത്. സംസ്ഥാനങ്ങളിലെ സാഹചര്യമല്ല മഹാരാഷ്ട്രയിൽ. സ്പീക്കറുടെ കൈകൾ കോടതി തന്നെ കെട്ടിയിട്ടിരിക്കുകയാണ്

നീരജ് കിഷൻ കൗൾ: സ്പീക്കറുടെ അയോഗ്യതയിൽ തീരുമാനം എടുക്കാതെ എം എൽ എ മാരുടെ കാര്യത്തിൽ തീരുമാനം എടുക്കാനാവില്ല. നിങ്ങളുടെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നിടത്ത് എങ്ങനെ തീരുമാനമെടുക്കും ? അയോഗ്യത പരിഗണനയിലാണ് എന്നത് വിശ്വാസവോട്ടെടുപ്പ് നീട്ടിവെയ്ക്കാൻ കാരണമല്ല. ഉദ്ധവ് പക്ഷത്തിന് സഭയിൽ മാത്രമല്ല , പാർട്ടിയിൽ പോലും ഭൂരിപക്ഷമില്ല. പ്രതീക്ഷ നഷ്ടപ്പെട്ട ന്യൂനപക്ഷമായി അവർ ചുരുങ്ങി. ഇവർ വിശ്വാസവോട്ടെടുപ്പിനെ പോലും ഭയപ്പെടുന്നു.

ജസ്റ്റിസ് സൂര്യകാന്ത്:  ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ സർക്കാർ സ്പിക്കറുടെ ഓഫീസ് ഉപയോഗിച്ച്  അയോഗ്യതാ നോട്ടീസ് പുറപ്പെടുവിക്കുന്നതാകുമോ? 

നീരജ് കിഷൻ കൗൾ: ജനാധിപത്യത്തിൻ്റെ നൃത്തം നടക്കേണ്ടത് സഭയ്ക്കുള്ളിലാണ്. കുതിരക്കച്ചവടം തടയാൻ ഏറ്റവും നല്ല മാർഗം വിശ്വാസവോട്ടെടുപ്പാണ്. അത് എത്ര വൈകുന്നോ അത്രയും പരിക്ക് ഭരണഘടനയ്ക്കാണ്.

 

 

 

 

 

 

 

ശിവസേനയുടെ ഹർജിയിലെ വാദങ്ങൾ

  • പ്രതിപക്ഷ നേതാവിൻ്റെ ആവശ്യപ്രകാരം ഗവർണർക്ക് വിശ്വാസവോട്ടെടിനുപ്പ് നിർദ്ദേശം നൽകാനാവില്ല
  • എംഎൽഎമാരുടെ അയോഗ്യതയുമായ ബന്ധപ്പെട്ട കേസ് നിലനിലനിൽക്കെ വിശ്വാസവോട്ടെടുപ്പ് നടത്താനാകില്ല
  • തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കാൻ നബാം റെബിയ വിധി   പ്രയോഗിക്കാനാവില്ല
  • മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം.ഗവർണറിന് എംഎൽഎമാരിൽ നിന്ന് വ്യക്തിഗതമായ വിവരം ലഭിച്ചിട്ടില്ല
Follow Us:
Download App:
  • android
  • ios