എന്തിന് ചെങ്കോട്ടയിൽ മാത്രം അവകാശം ആവശ്യപ്പെടുന്നു, ഫത്തേപൂർ സിക്രിയിൽ കൂടി അവകാശവാദം ഉന്നയിക്കൂ എന്ന് കോടതി പരിഹസിച്ചു.
ദില്ലി : ചെങ്കോട്ടയുടെ അവകാശം കൈമാറണമെന്ന് ആവശ്യപ്പെട്ട് അവസാന മുഗൾ രാജാവ് ബഹുദൂർ ഷായുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ നൽകിയ ഹർജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തളളിയത്. എന്തിന് ചെങ്കോട്ടയിൽ മാത്രം അവകാശം ആവശ്യപ്പെടുന്നു, ഫത്തേപൂർ സിക്രിയിൽ കൂടി അവകാശവാദം ഉന്നയിക്കൂ എന്ന് കോടതി പരിഹസിച്ചു. ബഹുദൂർ ഷാ സഫർ രണ്ടാമന്റെ പിൻഗാമിയെന്ന് അവകാശപ്പെട്ട് സുൽത്താനാ ബീഗം ആണ് ഹർജി നൽകിയത്.
തന്റെ പൂർവ്വികനായ ബഹദൂർ ഷാ സഫർ രണ്ടാമന്റെ അനന്തരാവകാശിയെന്ന നിലയിൽ ചെങ്കോട്ടയുടെ യഥാർത്ഥ ഉടമ താനാണെന്ന് അവകാശപ്പെട്ടായിരുന്നു ഹർജി.1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കോട്ട നിയമവിരുദ്ധമായി കൈവശപ്പെടുത്തി. സ്വാതന്ത്രത്തിന് ശേഷം ഇന്ത്യാ ഗവൺമെന്റും നിയമവിരുദ്ധമായി കൈവശം വച്ചു. 1857 മുതൽ ഇന്നുവരെയുള്ള നഷ്ടപരിഹാരം നൽകാൻ പ്രതിഭാഗം അധികാരികളോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ദില്ലി ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.



