Asianet News MalayalamAsianet News Malayalam

ബഹുഭാര്യാത്വം, നിക്കാഹ് ഹലാല: ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ് നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

sc to consider pleas against polygamy and nikah halala after winter break
Author
New Delhi, First Published Dec 2, 2019, 2:07 PM IST

ദില്ലി: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ് നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ശീതകാല അവധി കഴിഞ്ഞ് ജനുവരിയിൽ ഹർജി സുപ്രീംകോടതി പരിഗണിക്കും.

ശരിഅത്ത് നിയമം ഇന്ത്യൻ ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾ പ്രകാരം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതാണെന്നും, ബഹുഭാര്യാത്വം ഇന്ത്യൻ ഭരണഘടന വിലക്കിയതാണെന്നും ഹർജിയിൽ അശ്വിനി കുമാർ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ശരിഅത്ത് നിയമപ്രകാരം നിയമവിധേയമായ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാണ് ഹർജി.

ഐപിസിയിലെ എല്ലാ ചട്ടങ്ങളും മതഭേദമന്യേ എല്ലാ ഇന്ത്യൻ പൗരൻമാർക്കും ബാധകമാക്കണമെന്നാണ് ഹർജിയിലെ മറ്റൊരാവശ്യം. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് കൈമാറ്റം, എന്നിവയടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാനുള്ള ശരി അത്ത് കോടതികൾ നിയമവിരുദ്ധമാക്കണമെന്നും, ഇത്തരം കോടതികൾ നടത്തുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിലുണ്ട്. 

ഒരു മുസ്ലിം പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നതാണ് ബഹുഭാര്യാത്വം അനുവദിച്ചുകൊണ്ട് ശരിഅത്ത് നിയമം പറയുന്നത്. ഒരു മുസ്ലിം സ്ത്രീയെ ഭർത്താവ് മൊഴി ചൊല്ലി, അവരെത്തന്നെ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ മറ്റൊരാൾ അവരെ വിവാഹം ചെയ്ത് മൊഴി ചൊല്ലിയിരിക്കണമെന്നതാണ് നിക്കാഹ് ഹലാലയിലെ ചട്ടം. 

മുസ്ലിങ്ങൾക്ക് മാത്രമായി വ്യക്തിഗത നിയമങ്ങൾ പാടില്ലെന്നും ഹർജിയിലുണ്ട്. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും, സർക്കാർ ഇതിനെ ഒരു ക്രിമിനൽ കുറ്റമാക്കി മാറ്റാനുള്ള നടപടികളെടുത്തിട്ടില്ലെന്ന് ഉപാധ്യായ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

Follow Us:
Download App:
  • android
  • ios