പട്ന: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. 

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേൾക്കുക. പൂർണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്‍റെ നിഷ്ക്രിയത്വമാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമായതെന്നാണ് ഹർജിക്കാരുടെ വാദം. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്. 

ഇന്നലെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, മസ്തിഷ്കജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെ‍ഡിക്കല്‍ കോളേജിലെ മുതിർന്ന റെസിഡന്‍റ് ഡോക്ടറെ ഇന്നലെ സസ്പെന്‍റ് ചെയ്തു. ജോലിയിൽ വീഴ്ച്ച വരുത്തിയെന്ന് കാട്ടി മുതിർന്ന ഡോക്ടറായ ഭീംസെൻ കുമാറിനെയാണ് സസ്പെന്‍റ് ചെയ്തത്.