ലക്നൗ: ഉന്നാവ് പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശില്‍ പൊലീസ് സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഒരു  ക്യാമ്പില്‍ നിന്നുളളതായിരുന്നു വീഡിയോ. 

കുട്ടികളെ വിമൺ ഹെൽപ്പ് ലൈനിനെക്കുറിച്ചും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ബോധവത്ക്കരിക്കുകയായിരുന്നു പൊലീസ്. ആ സമയത്താണ് ഒരു അതിക്രമം ഉണ്ടായാൽ അത് ആരു ചെയ്തു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടല്ലേ ഇപ്പോൾ ഉള്ളതെന്നും ഉപദ്രവിച്ചയാള്‍ സ്വാധീനമുള്ള ആളാണെങ്കിൽ പരാതിപ്പെടുന്നത് നമ്മൾ കൂടുതൽ അപകടത്തിൽ ചെന്നുപെടാൻ കാരണമാവില്ലെന്ന് ഉറപ്പുണ്ടോ..? പരാതിപ്പെട്ടുകഴിഞ്ഞാൽ ഞങ്ങൾ സേഫായിരിക്കുമെന്നു പൊലീസിന് ഉറപ്പു തരാൻ പറ്റുമോ തുടങ്ങിയ ചോദ്യങ്ങള്‍ പൊലീസിനോട് പെണ്‍കുട്ടി ഉന്നയിച്ചത്. 

ഇതിന്‍റെ വീഡിയോ തരംഗമായതോടെ നിരവധിപ്പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ വീഡിയോ വൈറലായതിന് ശേഷം പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരക്ഷയെ സംബന്ധിച്ച് ആശങ്കയുള്ളതിനാലാണ് സ്കൂളില്‍ അയക്കാത്തതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 

'അവള്‍ വളരെ ചെറിയ കുട്ടിയാണ് പത്രങ്ങള്‍ വായിച്ചും ടെലിവിഷനില്‍ വാര്‍ത്തകള്‍ കണ്ടും കാര്യങ്ങള്‍ മനസിലാക്കുന്നു. അങ്ങനെ മനസിലാക്കിയ കാര്യങ്ങളെക്കുറിച്ചാണ് അവള്‍ സംസാരിച്ചത്. അവളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട് അതിനാല്‍ തിങ്കളാഴ്ച സ്കൂള്‍ പ്രിന്‍സിപ്പലിനോട് സംസാരിച്ച ശേഷം മാത്രമേ ഇനി മകളെ സ്കൂളില്‍ അയക്കൂ എന്നും കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.