ഗുജറാത്ത് സർക്കാർ 28 പഴയ ബസുകളെ സോളാർ മൊബൈൽ ക്ലാസ് റൂമുകളാക്കി മാറ്റി. 'രൺശാല' എന്ന ഈ 'സ്‌കൂൾ ഓൺ വീൽസ്' പദ്ധതി, കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ്. സ്മാർട്ട് ടിവി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഗാന്ധിനഗർ: സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ്റെ 28 പഴയ ബസുകളെ സോളാർ മൊബൈൽ ക്ലാസ് റൂമുകളാക്കി മാറ്റി ഗുജറാത്ത് സർക്കാർ. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്, 'സമഗ്ര ശിക്ഷ' കാമ്പയിൻ, ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന 'രൺശാല' എന്ന 'സ്‌കൂൾ ഓൺ വീൽസ്' പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായത്. ഗാന്ധിനഗറിലെ പഥികാശ്രമം എസ്ടി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവി 28 ബസുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
സുരേന്ദ്രനഗർ, പഠാൻ, കച്ച്, മോർബി എന്നീ ജില്ലകളിലെ 'അഗരിയ' ഗോത്ര വിഭാഗത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ മൊബൈൽ ക്ലാസ് റൂമുകൾ വലിയ തുണയാകുമെന്നാണ് സർക്കാരിൻ്റെ വാദം. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ മൊബൈൽ ക്ലാസ് റൂമുകളിൽ കുട്ടികൾക്കായി 43 ഇഞ്ച് സ്മാർട്ട് ടിവികൾ, ഡിഷ് ടിവി കണക്റ്റിവിറ്റി, എഫ്എം റേഡിയോ, എൽഇഡി ലൈറ്റുകൾ, വാൾ ഫാനുകൾ, മടക്കിവെക്കാവുന്ന സ്റ്റഡി ടേബിളുകൾ, സീറ്റുകൾ, തണൽ നൽകുന്ന നെറ്റുകൾ, ബ്ലാക്ക് ബോർഡുകൾ, വൈറ്റ് ബോർഡുകൾ, അധ്യാപകർക്കുള്ള പ്രത്യേക കാബിൻ, ലൈബ്രറി സ്പേസ് എന്നിവയുണ്ട്. വാഷ് ബേസിനുകൾ, വാട്ടർ സ്റ്റോറേജ് ടാങ്കുകൾ, പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ സിസ്റ്റം, പഠനത്തോടൊപ്പം വിനോദത്തിനായി ലൂഡോ, പാമ്പും ഗോവണിയും തുടങ്ങിയ ബോർഡ് ഗെയിമുകൾ, ഊഞ്ഞാൽ, സ്ലൈഡുകൾ, ബാസ്‌ക്കറ്റ്‌ബോൾ കളി ഉപകരണങ്ങൾ എന്നിവയും ബസിലുണ്ട്. ഭാരവും ഉയരവും അളക്കാനുള്ള ഡിജിറ്റൽ മെഷീനുകൾ, ബിഎംഐ ചാർട്ടുകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, എമർജൻസി എക്സിറ്റുകൾ എന്നിവയും ബസിൽ ഒരുക്കിയിട്ടുണ്ട്.
മരുഭൂമി മേഖലയിൽ ജീവിക്കുന്ന കുട്ടികൾക്ക് ഇനി പഠനത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരില്ലെന്നും വിദ്യാഭ്യാസം അവരുടെ വാതിൽപ്പടിയിൽ എത്തിയെന്നും ഉപമുഖ്യമന്ത്രി ഹർഷ സംഘവി പറഞ്ഞു. ഒരു ബസിൽ ഒരേസമയം 20-ലധികം കുട്ടികൾക്ക് പഠിക്കാനാകും. ഗുജറാത്ത് സർക്കാരിന്റെ ഓൺലൈൻ ക്ലാസുകളും ഇതിലൂടെ ലഭ്യമാക്കും. ഇതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ജിഎസ്ആർടിസി ബസുകളെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും, ഭാവിയിൽ ഇത്തരം കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റം മൂലമുള്ള സ്കൂൾ ഡ്രോപ്പ് ഔട്ടുകൾ പൂർണ്ണമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സജ്ജമാക്കിയ 28 ബസുകളിൽ 20 എണ്ണം സുരേന്ദ്രനഗറിലെ പട്‌ഡി താലൂക്കിലും, 4 എണ്ണം പഠാനിലെ സന്താൽപൂരിലും, 2 എണ്ണം കച്ചിലെ അഞ്ചാറിലും, ശേഷിക്കുന്ന 2 എണ്ണം മോർബിയിലെ മാലിയയിലുമാണ് വിന്യസിച്ചിരിക്കുന്നത്.


