Asianet News MalayalamAsianet News Malayalam

സ്‌കൂളുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര, ആരാധനായലങ്ങളും തുറന്നേക്കും

ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.
 

Schools can reopen from November 23 in Maharashtra
Author
Mumbai, First Published Nov 8, 2020, 12:43 PM IST

മുംബൈ: ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം നവംബര്‍ 23ന് തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ നടത്താവൂവെന്ന് യോഗത്തില്‍ തീരുമാനമായി. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.

തെര്‍മല്‍ സ്‌കാനിങ് നടത്തി മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളുടെ അനുവാദം വേണം. ഭക്ഷണസാധനങ്ങള്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 17 മുതല്‍ 22 വരെ അധ്യാപകര്‍ക്ക് വ്യാപകമായി കൊവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമാണ് അനുവദിക്കുക. മാറിമാറിയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം. നാല് മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കില്ല.

സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സ്‌കൂള്‍ അധികൃതരെയും വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ നിഗമനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 

Follow Us:
Download App:
  • android
  • ios