അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബർ രണ്ടിന് തുറക്കാൻ മുഖ്യമന്ത്രി വൈഎസ് ജഗ്ഗൻമോഹൻ റെഡ്ഡി നിർദേശം നൽകി. വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ട‍ർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി സംസാരിക്കുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച വിവരം ജ​ഗൻ പ്രഖ്യാപിച്ചത്. സ്കൂളുകളുടെ പ്രവ‍ർത്തനത്തിനായി ക‍ർശനമായ ചിട്ടകളോട് കൂടിയ മാ‍ർ​ഗനി‍ർദേശം സ‍ർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാ‍ർത്ഥികൾക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത ദിവസവും എന്ന രീതിയിൽ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകൾ നടത്തുക. ഒരേ സമയം ഒരുപാട് വിദ്യാർത്ഥികൾ സ്കൂളിൽ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഉച്ചവരെ മാത്രമേ സ്കൂളുകൾ പ്രവ‍ർത്തിക്കൂ. ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാ‍ർത്ഥികൾക്ക് വീട്ടിലേക്ക് പോകാം. 

750-ലേറെ വിദ്യാ‍ർത്ഥികളുള്ള സ്കൂളുകളിൽ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്കൂളിലേക്ക് വരാൻ കഴിയാത്തവർക്കും കൊവിഡ് ഭീതി മൂലം വരാൻ താത്പര്യമില്ലാത്തവ‍ർക്കും ഓൺലൈനിൽ പഠനം തുടരാനും അവസരമുണ്ടാവും. നവംബ‍ർ മാസത്തിലെ സ്കൂളുകളുട‌െ പ്രവ‍ർത്തനവും കൊവിഡ് സാഹചര്യവും പരി​ശോധിച്ച ശേഷം ഡിസംബറിൽ ക്ലാസുകൾ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജ​ഗൻമോഹൻ റെഡ്ഡി അറിയിച്ചു.