ദില്ലി: ആദിമ സംസ്കാരങ്ങളിലൊന്നായ സിന്ധു നദീതട സംസ്കാരത്തില്‍ ജീവിച്ചിരുന്നവരുടെ മുഖം പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍. 4500 വര്‍ഷം പഴക്കമുള്ള രാഖിഗഡി ശ്മശാനത്തില്‍നിന്ന് കണ്ടെടുത്ത 37 അസ്ഥികൂടങ്ങളിലെ രണ്ട് പേരുടെ മുഖമാണ് 15 അംഗ ശാസ്ത്ര സംഘം പുനസൃഷ്ടിച്ചത്. ദക്ഷിണ കൊറിയ, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ആറ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ശാസ്ത്രജ്ഞരാണ് യജ്ഞത്തിന് പിന്നില്‍. നാഷണല്‍ ജോഗ്രഫിക് സൊസൈറ്റിയാണ് സാമ്പത്തിക സഹായത്തോടെ ഡബ്ല്യു ജെ ലീ, വസന്ത് ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.  

ക്രേനിയോ ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മുഖം പുനര്‍ സൃഷ്ടിച്ചത്. അനാട്ടമിക് സയന്‍സ് ഇന്‍റന്‍നാഷണിലാണ് പഠനം പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ടതാണ്. സിന്ധു നദീതട സംസ്കാരത്തിലെ ആളുകള്‍ കാണാനെങ്ങനെയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏകദേശ ധാരണയുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഷിന്‍ഡെ പറഞ്ഞു. 

സിന്ധു നദീതട സംസ്കാരത്തിലെ രൂപം സൃഷ്ടിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ശ്മശാനത്തില്‍നിന്ന് ലഭിച്ച അസ്ഥികൂടങ്ങളില്‍ കൂടുതല്‍ പഠനം നടത്തിയിരുന്നില്ല. അസ്ഥികൂടങ്ങളില്‍നിന്ന് ആന്ത്രപ്പോളജിക്കല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. മോഹന്‍ജോദാരോയില്‍നിന്ന് കണ്ടെത്തിയ രാജാവടക്കമുള്ള പ്രധാന ആളുകളുടെ പഠനം മാത്രമാണ് കൃത്യമായി നടമ്മത്.

വികസിത രൂപത്തിലുള്ള കലാരൂപങ്ങള്‍ അക്കാലത്ത് ഇല്ലാത്തതും അക്കാലത്തെ ആളുകളുടെ മോര്‍ഫോളജി സംബന്ധിച്ച ധാരണകള്‍ ലഭിക്കുന്നതിന് തടസ്സമായി. സാങ്കേതിക വിദ്യ ഉപയോഗിച്ച് സിന്ധു നദീതട സംസ്കാരത്തിലെ ആളുകളുടെ മുഖം പുനര്‍സൃഷ്ടിച്ചത് പ്രധാന നേട്ടമാണെന്നും ഷിന്‍ഡെ പറഞ്ഞു.