രാജ്യം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ മധ്യപ്രദേശിന് ശേഷം രാജസ്ഥാനിലെയും ബംഗാളിലെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ഒതുക്കുകയാണെന്നും രാജ്യത്തെ ഫെഡറലിസത്തെ തകര്‍ത്ത്, ഒരു രാജ്യം, ഒരു പാര്‍ട്ടി സമ്പ്രദായം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമത ആരോപിച്ചു.

'പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണവും കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാന്‍ സംഭവങ്ങളെ സൂചിപ്പിച്ച് മമത പറഞ്ഞു. എന്തുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളെയും ഗുജറാത്ത് ഭരിക്കുന്നത്. ഈ രണ്ട് സഹോദരന്മാരുടെ(മോദി-അമിത് ഷാ) ഭരണം സഹിക്കുന്നില്ല. ഫെഡറല്‍ ഘടനയുടെ ആവശ്യകത എന്താണ്. നിങ്ങള്‍ ഒരുപാര്‍ട്ടി-ഓരുരാജ്യം സംവിധാനമുണ്ടാക്കൂ'-മമത പറഞ്ഞു. 

രാജ്യം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ മധ്യപ്രദേശിന് ശേഷം രാജസ്ഥാനിലെയും ബംഗാളിലെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബംഗാളില്‍ ബിജെപി പുറത്തുനിന്ന് വന്നവരാണ്. ഗുജറാത്തില്‍ നിന്ന് വന്നവരെ ഭരിക്കാന്‍ ബംഗാള്‍ ജനത അനുവദിക്കില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ബംഗാളില്‍ കെട്ടിവെച്ച പണം പോലും ലഭിക്കില്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ സര്‍ക്കാറിനെ എല്ലാ രീതിയിലും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ജങ്കിള്‍ രാജിനെക്കുറിച്ച് കേന്ദ്രം ചര്‍ച്ച ചെയ്യണമെന്നും അവര്‍ പറഞ്ഞു. 

എല്ലാ ദിവസവും ബംഗാളില്‍ പ്രശ്‌നമാണെന്ന് കേന്ദ്രം പറയുന്നു. ജംഗിള്‍ രാജ് ഭരണം നടക്കുന്ന ഉത്തര്‍പ്രദേശിനെക്കുറിച്ച് എന്ത് പറയുന്നു. പൊലീസില്‍ പരാതി കൊടുക്കാന്‍ പോലും ജനം ഭയപ്പെടുകയാണ്. പൊലീസുകാര്‍ പോലും കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി. സത്യം മറക്കാനാണ് പ്രധാന പ്രതിയെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയതെന്നും മമത ആരോപിച്ചു.