ദില്ലി: എൻഡിടിവിയുടെ പ്രൊമോട്ടർമാരായ പ്രണോയ് റോയിയെയും രാധികാ റോയിയെയും അടുത്ത രണ്ട് വർഷത്തേക്ക് എൻഡിടിവിയുടെ തലപ്പത്ത് തുടരുന്നതിൽ നിന്ന് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) വിലക്കി. അടുത്ത രണ്ട് വർഷവും സെക്യൂരിറ്റി മാർക്കറ്റിൽ നിക്ഷേപം നടത്തുകയോ മറ്റ് ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും സെബി ഉത്തരവിട്ടു. ഫണ്ട് സ്വീകരിച്ചതിൽ ചില ചട്ടങ്ങൾ ലംഘിച്ചതിനാണ് സെബിയുടെ നടപടി. 

അടുത്ത രണ്ട് വർഷവും എൻഡിടിവിയിലോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മാനേജിരിയൽ പോസ്റ്റുകളോ മറ്റ് പ്രധാനപദവികളോ വഹിക്കരുതെന്നാണ് സെബിയുടെ ഉത്തരവ്. ഇതിന് മറുപടിയുമായി പ്രണോയ് റോയും രാധികാ റോയും രംഗത്തെത്തി. 

തെറ്റായ വിലയിരുത്തലുകളുടെ ഭാഗമായി ഉണ്ടായ നടപടിയാണിതെന്ന് പറഞ്ഞ പ്രണോയ് റോയ്, തീർത്തും 'അസ്വാഭാവിക'മായ നടപടിയാണിതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സെബി ഉത്തരവിനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും പ്രണോയ് റോയും രാധിക റോയും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മാർക്കറ്റ് റെഗുലേറ്റർ ഏജൻസിയായ സെബി നേരത്തേ ചില ഇടപാടുകളുടെ പേരിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. എൻഡിടിവിയുടെ ഓഹരിയുടമയായ ഒരാൾ വിശ്വപ്രധാൻ കൊമേഴ്‍സ്യൽ എന്ന കമ്പനിയുമായി പ്രണോയും രാധികയും RRPR ഹോൾഡിംഗ്‍സ് എന്ന കമ്പനി(ചാനലിന്‍റെ മറ്റൊരു പ്രൊമോട്ടർ)യും ഒപ്പിട്ട ലോൺ എഗ്രിമെന്‍റുകളുടെ വിവരങ്ങൾ പുറത്തു വിടുന്നില്ലെന്ന് കാട്ടി സെബിക്ക് പരാതി നൽകിയതിനെത്തുടർന്നായിരുന്നു അന്വേഷണം. 2008 ഒക്ടോബറിൽ തുടങ്ങി അന്വേഷണം 2017 നവംബർ 22 വരെ നീണ്ടു.

എൻഡിടിവിയിൽ പ്രണോയ് റോയ്ക്ക് 15.94% ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്ക്ക് 16.33% ഓഹരികളും ഉണ്ട്. സെബി നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. പ്രസ്താവന ഇവിടെ വായിക്കാം.

അതേസമയം, പ്രണോയ് റോയിയ്ക്കും രാധിക റോയ്ക്കുമെതിരെ കൃത്യമായ ഗൂഢാലോചന നടത്തുകയാണെന്നും, രാജ്യത്ത് സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു സ്ഥാപനത്തെ കടന്നാക്രമിക്കുകയാണെന്നും ആരോപിച്ച് നിരവധി മാധ്യമപ്രവർത്തകരും രംഗത്തെത്തി.