നവംബർ 17-ാം തീയതിക്കുള്ളിൽ വാദം കേൾക്കൽ അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. അതിന് ശേഷം ഒരു ദിവസം പോലും നീട്ടി നൽകാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കഭൂമി സ്ഥിതി ചെയ്യുന്ന അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസിലെ വാദം കേൾക്കൽ അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാർ ഝായുടേതാണ് ഉത്തരവ്. ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
അയോധ്യയുടേയും അവിടം സന്ദർശിക്കുന്നവരുടേയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അനുജ് ഝാ പറഞ്ഞു. അയോധ്യയിലും പരിസരത്തും സിനിമാ ചിത്രീകരണവും ഡ്രോൺ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് ആറ് മുതൽ അയോധ്യ കേസിൽ സുപ്രീംകോടതി തുടർച്ചയായി വാദം കേൾക്കുകയാണ്. ദസറ അവധിക്ക് ശേഷം കേസിൽ വാദം കേൾക്കുന്നത് 38ാം ദിവസത്തിലേക്ക് കടക്കും.
നവംബർ 17-ാം തീയതിക്കുള്ളിൽ വാദം കേൾക്കൽ അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. അതിന് ശേഷം ഒരു ദിവസം പോലും നീട്ടി നൽകാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15-ന് വിധി പ്രസ്താവം ഉണ്ടാകാനാണ് സാധ്യത.
Read More:അയോധ്യ കേസ്; ഒക്ടോബറിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി, മധ്യസ്ഥശ്രമം തുടരാം
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത്. 2010ൽ അയോധ്യയിലെ തര്‍ക്ക ഭൂമി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധി. 2017-ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബെഞ്ചിന്‍റെ പരിഗണനയിലാണ് അയോധ്യ കേസ്.
