Asianet News MalayalamAsianet News Malayalam

'വസുധൈവ കുടുംബകം' ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇന്ത്യ; ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിന് നാളെ തുടക്കം

ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട ഒമ്പത് രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസം നീളുന്ന സമ്മേളനമാണ് കുമരകത്ത് നടക്കുക.

Second G20 Sherpas Meeting in Kumarakom starts on march 30 btb
Author
First Published Mar 29, 2023, 6:20 PM IST

കോട്ടയം: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിനായി ഒരുങ്ങി കുമരകം. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് കീഴിലുള്ള ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം യോഗം 2023 മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെയാണ് കോട്ടയത്തെ കുമരകത്ത് നടക്കുന്നത്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ (പ്രത്യേക പ്രതിനിധി) അമിതാഭ് കാന്ത് അധ്യക്ഷനാകും.

ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട ഒമ്പത് രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസം നീളുന്ന സമ്മേളനമാണ് കുമരകത്ത് നടക്കുക. ജി20 യുടെ സാമ്പത്തിക - വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നി‌രവധി വിഷയങ്ങള്‍ ഷെർപ്പമാരുടെ രണ്ടാം യോഗം ചര്‍ച്ച ചെയ്യും. കൂടാതെ ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തക സമിതികൾക്കു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. ഈ കാലഘട്ടത്തിലെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നീ ചര്‍ച്ചകള്‍ക്കാണ് മുൻഗണന നല്‍കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ജി 20 പ്രമേയമായ 'വസുധൈവ കുടുംബകം - ഒരു ഭൂമി - ഒരു കുടുംബം - ‌ഒ‌രു ഭാവി' എന്ന ചിന്തയ്ക്ക് പ്രസക്തിയേറെയുണ്ട്. 

ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത് നേതൃത്വം നൽകും. ജി 20 ഷെർപ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധി സംഘത്തലവന്മാരുമായും ഉയർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥകളിൽ (ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബൽ സൗത്ത്, വികസിത സമ്പദ്‌വ്യവസ്ഥകൾ (എഇ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യും. സമാന മുൻഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യും.

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ‌കുമരകത്ത് ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക പരിപാടികൾ,  മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, വള്ളത്തില്‍ വച്ചുള്ള ചായസൽക്കാരം തുടങ്ങി കേരളീയ തനിമ മനസിലാക്കാനുള്ള എല്ലാ ഒരുക്കങ്ങളും കുമരകത്ത് തയാറായിട്ടുണ്ട്. വിവിധ റിസോര്‍ട്ടുകളിലായാണ് ടി കെ രാജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 1500ല്‍ അധികം പൊലീസുകാരെ വിന്യസിച്ച് കൊണ്ട് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. 

'വിദേശ പ്രതിനിധികൾ കണ്ടാൽ നാണക്കേടല്ലേ..', കോട്ടയത്തെ വര്‍ഷങ്ങളായി പണിനിലച്ച പാലം മറയ്ക്കാൻ ബോര്‍ഡുകൾ

Follow Us:
Download App:
  • android
  • ios