ഇക്കഴിഞ്ഞ വെള്ളിയാഴ്‍ച ആണ് മേഘാലയയിലെ ഷില്ലോങ്ങില്‍ സംഘര്‍ഷം ആരംഭിച്ചത്. 

ഷില്ലോങ്ങ്: മേഘാലയിലെ ഷില്ലോങ് ഉൾപ്പെടുന്ന ഈസ്റ്റ്‌ ഖാസി ജില്ലയിൽ നിരോധനാജ്ഞ. ഇന്ന് രാത്രി ഒന്‍പത് മണി മുതൽ രാവിലെ ആറ് വരെയാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‍ച ആണ് മേഘാലയയിലെ ഷില്ലോങ്ങില്‍ സംഘര്‍ഷം ആരംഭിച്ചത്. വെള്ളിയാഴ്‍ച പൗരത്വ നിയമ ഭേദഗതിക്കെതിരെ ഖാസി സ്റ്റുഡൻസ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേർന്ന് പ്രതിഷേധ റാലി നടത്തിയിരുന്നു.

ഇതര സംസ്ഥാനക്കാർക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നർലൈൻ പെർമിറ്റ് മേഘാലയയിലാകെ ഏർപ്പെടുത്തമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി. ഇതിനെ ഗോത്ര ഇതര വിഭാഗം എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ ഖാസി സ്റ്റുഡൻസ് യൂണിയൻ നേതാവ് ലുർഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു. പിന്നാലെ ഷില്ലോങില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മേഘാലയ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.