Asianet News MalayalamAsianet News Malayalam

നമസ്തേ ട്രംപ് പരിപാടിക്കായി അഹമ്മദാബാദ് നഗരത്തിൽ കനത്ത സുരക്ഷ

ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവയ്ക്ക് ഒപ്പം ആയുധധാരികളായ ഇന്ത്യൻ സൈനികരും സുരക്ഷക്കായി അണിനിരക്കും

Security tightened in Ahmedabad for Namaste Trump Programme
Author
Ahmedabad, First Published Feb 23, 2020, 6:32 AM IST

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നമസ്തേ ട്രംപ് പരിപാടിക്കായി അഹമ്മദാബാദ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ മൂന്ന് തലത്തിലാണ് സുരക്ഷ. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവയ്ക്ക് ഒപ്പം ആയുധധാരികളായ ഇന്ത്യൻ സൈനികരും സുരക്ഷക്കായി അണിനിരക്കും. സീക്രട്ട് സര്‍വീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങള്‍ വാഷിങ്ങ്ടണില്‍നിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദില്‍ എത്തിച്ചിരുന്നു.

മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ സീക്രട്ട് സര്‍വീസസും എസ്പിജിയും. സ്റ്റേഡിയത്തിന്‍റെ പുറത്തുള്ള തുണുകളോ‍ട് ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികര്‍ കാവലിരിക്കും. ഏറ്റവും ഒടുവില്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാച്ചുമതല. സുരക്ഷാസേനയുടേതല്ലാത്ത ഡ്രോണുകൾ വെടിവച്ചിടാൻ അന്‍റി ഡ്രോൺ സംഘമുണ്ടാവും. നമസ്തേ ട്രംപ് മെഗാ ഷോ തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വിവിഐപികള്‍ ഒരുമണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. ട്രംപ് ദില്ലിയിലേക്ക് തിരിച്ച ശേഷം മാത്രമാകും അഹമ്മദാബാദ് വിമാനത്താവളത്തിന്‍റെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.

Follow Us:
Download App:
  • android
  • ios