അസം: അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് അസമിലും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുന്നു. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന അസം ജില്ലകളിൽ നിരോധനാജ്ഞ നിലവിലുണ്ട്. 

പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നുണ്ടോ എന്ന് മിസോറാം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഒഴിവാക്കിയവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് ഇന്നലെ കേന്ദ്ര വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ ആയിരം ട്രൈബ്യൂണല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ. പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർക്ക് അപ്പീൽ പോകാൻ അവസരമുണ്ട്. 

ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്‍റെ ആദ്യരൂപം  കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്. എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാം.