ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി നേതാവ് അമാനത്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും അക്ബറുദ്ദീന്‍ ഒവൈസിയും വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹര്‍ജിയുമായി ഹിന്ദു സേനയും രംഗത്തെത്തി. എഐഎംഐഎം എംഎല്‍എ വാരിസ് പത്താനെതിരെയും പരാതിയുണ്ട്. വാരിസ് പത്താന്‍റെ പ്രസ്താവന ദില്ലി കലാപത്തിന് കാരണമായെന്ന് പരാതിയില്‍ പറയുന്നു. ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തിപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ക്കെതിരെ പരാതികള്‍ കോടതിയില്‍ എത്തിയത്.