ഉപഭോക്തൃകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം എല്ലാ പാൻ മസാല പാക്കറ്റുകളിലും വലുപ്പം പരിഗണിക്കാതെ റീട്ടെയിൽ വില നിർബന്ധമായും പ്രദർശിപ്പിക്കണം. ജിഎസ്ടി ഈടാക്കുന്നതിന് പുതിയ ഭേദഗതി
ദില്ലി: പാൻ മസാലയുടെ എല്ലാ പാക്കറ്റുകളിലും വലുപ്പമോ ഭാരമോ പരിഗണിക്കാതെ റീട്ടെയിൽ വിൽപന വില നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 പ്രകാരമുള്ള മറ്റ് നിർബന്ധിത പ്രഖ്യാപനങ്ങളും ഇതോടൊപ്പം പാക്കറ്റുകളിൽ രേഖപ്പെടുത്തണം. ജിഎസ്ആർ 881(ഇ) വിജ്ഞാപനം വഴിയാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ഈ പുതിയ നിയമം 2026 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അധികൃതര്‍ അറിയിച്ചു. അന്നുമുതൽ എല്ലാ പാൻ മസാല നിർമ്മാതാക്കളും പാക്കറ്റുകാരും ഇറക്കുമതിക്കാരും ഈ നിയമം പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഉപഭോക്തൃ സംരക്ഷണം ലക്ഷ്യം
10 ഗ്രാമോ അതിൽ കുറവോ ഭാരമുള്ള ചെറിയ പാക്കറ്റുകൾക്ക് ചില പ്രഖ്യാപനങ്ങൾ ഒഴിവാക്കാൻ മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഭേദഗതിയിലൂടെ ആ ഇളവ് ഒഴിവാക്കിയിരിക്കുകയാണ്. ഇനി മുതൽ ഈ ചെറുകിട പാക്കറ്റുകളിലും ലേബലിൽ വിൽപന വില നിർബന്ധമായി അച്ചടിക്കുകയും 2011-ലെ നിയമങ്ങൾക്കനുസരിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങളും പ്രദർശിപ്പിക്കുകയും വേണം.
ചെറിയ പാക്കറ്റുകളിലെ വില സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയുന്നതിനും കൂടുതൽ വിവരങ്ങൾ അറിഞ്ഞുകൊണ്ട് ഉൽപ്പന്നം വാങ്ങാൻ സഹായിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്ന് വകുപ്പ് അറിയിച്ചു. എല്ലാ പാക്ക് വലുപ്പങ്ങളിലും സുതാര്യമായ വില വിവരങ്ങൾ ഉറപ്പാക്കുന്നതിലൂടെ ഇത് ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തും.
നികുതി പിരിവ് കാര്യക്ഷമമാക്കും
എല്ലാ പാക്കേജുകളിലും ആർഎസ്‍പി നിർബന്ധമാക്കുന്നതിലൂടെ പാൻ മസാലയ്ക്ക് മേലുള്ള ആർഎസ്‍പി അടിസ്ഥാനമാക്കിയുള്ള ജിഎസ്ടി ഈടാക്കൽ നടപ്പാക്കുന്നതിനും ഭേദഗതി സഹായകമാകും. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾ തടസങ്ങളില്ലാതെ നടപ്പിലാക്കുന്നതിനും ഏറ്റവും ചെറിയ യൂണിറ്റുകൾ ഉൾപ്പെടെ എല്ലാ പാക്ക് വലുപ്പങ്ങളിലും ശരിയായ നികുതി നിർണയവും വരുമാന ശേഖരണവും ഉറപ്പാക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. നേരത്തെ, നിയമത്തിലെ റൂൾ 26(എ)-ലെ മുൻ വ്യവസ്ഥ പിൻവലിക്കുകയും പാൻ മസാലകൾക്കായി പുതിയ വ്യവസ്ഥ ചേർക്കുകയുമാണ് ചെയ്തത്.


